പുതുവര്‍ഷത്തില്‍ പുത്തന്‍ ഹെഡ്‌ഫോണുകളുമായി സെന്‍ഹെയ്‌സെര്‍

Sennheiser headphones

സിഇഎസ് 2018ല്‍ ഓഡിയോ ഉത്പന്ന നിര്‍മാണ രംഗത്തെ പ്രമുഖരായ സെന്‍ഹെയ്‌സെര്‍ നിരവധി പുതിയ ഉത്പന്നങ്ങള്‍ അവതരിപ്പിച്ചു. പുതിയ എച്ച്ഡി 820 ഹെഡ്‌ഫോണുകളും സിഎക്‌സ് 6.00 ബിടി ബ്ലൂടൂത്ത് ഇയര്‍ബഡ്‌സുമാണ് ഇതില്‍ ശ്രദ്ധേയം.

മികച്ച ശബ്ദം ആസ്വദിക്കാന്‍ കഴിയണം എന്ന ലക്ഷ്യത്തോടെയാണ് സിഎക്‌സ് 6.00 ബിടി നിര്‍മ്മിച്ചിരിക്കുന്നതെന്ന് സെന്‍ഹെയ്‌സറിന്റെ പ്രോഡക്ട് മാനേജര്‍ നാന്‍ ചെന്‍ വ്യക്തമാക്കി.

വളരെ ചെറുതും കനം കുറഞ്ഞതും അതേസമയം വളരെ സൗകര്യപ്രദവുമായ ഹെഡ്‌ഫോണുകളാണിത്. തികച്ചും സുതാര്യവും വ്യക്തവുമായ ശബ്ദമാണ് എച്ച്ഡി 820 ഹെഡ്‌ഫോണുകള്‍ ലഭ്യമാക്കുന്നത്. പ്രതിധ്വനി പരമാവധി കുറയ്ക്കുന്നതിന് ഇതിലെ സവിശേഷമായ ട്രാന്‍സ്ഡ്യൂസര്‍ കവര്‍ സഹായിക്കും.

പുതിയ ഹെഡ്‌ഫോണുകളുടെ മികച്ച പ്രകടനത്തെ സഹായിക്കുന്നത് സെന്‍ഹെയ്‌സര്‍ റിങ് റേഡിയേറ്റര്‍ ട്രാന്‍സ്ഡ്യൂസറിന് മേലുള്ള സവിശേഷമായ ഗ്ലാസ്സ് കവറുകളാണ്. ട്രാന്‍സ്ഡ്യൂസറിന്റെ പിന്‍ഭാഗത്തു നിന്നുള്ള ശബ്ദതരംഗങ്ങള്‍ രണ്ട് അബ്‌സോര്‍ബര്‍ ചേമ്പറുകളില്‍ പ്രതിഫലിക്കാന്‍ കര്‍വ്ഡ് ഗോറില്ല ഗ്ലാസ്സ് സഹായിക്കും. ഇത് പ്രതിധ്വനി പരമാവധി കുറയ്ക്കും.

എച്ച്ഡി 820യുടെയും എച്ച്ഡിവി 820യുടെയും പ്രധാന ഫീച്ചര്‍ ആണ് പെന്റകോണ്‍ കണക്ടറുകള്‍. 2018 തുടക്കത്തില്‍ തന്നെ പുതിയ എച്ച്ഡി 820 ലഭ്യമായി തുടങ്ങുമെന്നാണ് പ്രതീക്ഷ. 2,399.95 ഡോളര്‍( ഏകദേശം 1,52,400 രൂപ ) ആണ് പ്രതീക്ഷിക്കുന്ന വില.

സിഎക്‌സ് 6.00 ബിടിയില്‍ പ്രധാനമായും ഉള്ളത് ഇയര്‍ബഡുകളും അതിനോട് ചേര്‍ന്ന കേബിളുമാണ്. ബ്ലൂടൂത്ത് 4.2, ക്വാല്‍ക്കം എപിടിഎക്‌സ് എന്നിവയാണ് മികച്ച വയര്‍ലെസ്സ് ശബ്ദം ലഭ്യമാക്കാന്‍ സഹായിക്കുന്നത്.

രണ്ട് ഡിവൈസുകള്‍ ഒരേസമയം കണക്ട് ചെയ്യാന്‍ കഴിയുന്ന മള്‍ട്ടികണക്ഷന്‍ സംവിധാനവും ഇതിലുണ്ട്. 3വേ കോളിങ് സപ്പോര്‍ട്ട് ചെയ്യുന്ന സിവിസി നോയ്‌സ് കാന്‍സലേഷന്‍ ടെക്‌നോളജിയോട് കൂടിയ ഇന്റഗ്രേറ്റഡ് മൈക്രോഫോണ്‍ ആണ് സിഎക്‌സ് 6.00 ബിടിയില്‍ ഉപയോഗിച്ചിരിക്കുന്നത്.

ആറ് മണിക്കൂര്‍ ബാറ്ററി ലൈഫ് ഉറപ്പ് തരുന്ന സിഎക്‌സ് 6.00ബിടി യുഎസ്ബി വഴി ചാര്‍ജ് ചെയ്യാം. പത്ത് മിനുട്ടിനുള്ളില്‍ രണ്ട് മണിക്കൂര്‍ ബാറ്ററിലൈഫ് നല്‍കും. മാത്രമല്ല 1.5 മണിക്കൂര്‍ കൊണ്ട് പൂര്‍ണമായും ചാര്‍ജ്ജ് ചെയ്യാം.

പുതിയ സിഎക്‌സ് 6.00 ബിടി ജനുവരി 2018 മുതല്‍ ലഭ്യമാകും. 99യൂറോ, 99.95 ഡോളര്‍ ( ഏകദേശം 6,340 രൂപ ) ആണ് പ്രതീക്ഷിക്കുന്ന വില.

Top