സെന്‍കുമാറിന്റെ പേരില്‍ ഉയരുന്ന വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ടി ബല്‍റാം

VT-balram

പാലക്കാട്: പൊലീസ് മേധാവിയായിരുന്ന മുന്‍ ഡിജിപി ടി പി സെന്‍കുമാറിന്റെ പേരില്‍ കോണ്‍ഗ്രസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് രൂക്ഷമായി പ്രതികരിച്ച് വി ടി ബല്‍റാം എംഎല്‍എ രംഗത്ത്.

സിവില്‍ സര്‍വ്വീസില്‍ നിന്ന് പിണറായി വിജയന്‍ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് സിപിഎം പിന്തുണയില്‍ എംഎല്‍എ ആക്കിയ അല്‍ഫോണ്‍സ് കണ്ണന്താനം ഇന്ന് നരേന്ദ്രമോദി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവര്‍ പരസ്പരം വിരുന്നൂട്ടുന്ന ”ദീര്‍ഘകാല സുഹൃത്തു’ക്കളുമാണെന്നും ബല്‍റാം ചൂണ്ടികാട്ടി. ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകളാണ് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നതെന്നും ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സിവില്‍ സര്‍വ്വീസില്‍ നിന്ന് പിണറായി വിജയന്‍ നേരിട്ട് കൈപിടിച്ച് രാഷ്ട്രീയത്തില്‍ കൊണ്ടുവന്ന് സിപിഎം പിന്തുണയില്‍ എംഎല്‍എ ആക്കിയ ഒരാള്‍ ഇന്ന് നരേന്ദ്രമോഡി സര്‍ക്കാരില്‍ കേന്ദ്രമന്ത്രിയാണ്. ഇപ്പോഴും അവര്‍ പരസ്പരം വിരുന്നൂട്ടുന്ന ”ദീര്‍ഘകാല സുഹൃത്തു’ക്കളുമാണ്.

ആ വിജയനെ ഓഡിറ്റ് ചെയ്യാന്‍ ധൈര്യമില്ലാത്ത ഊളകളാണ് സര്‍ക്കാര്‍ പണമെടുത്ത് സുപ്രീം കോടതി വരെ കേസ് നടത്തി ഒരു പോലീസ് ഉദ്യോഗസ്ഥനെ പീഡിപ്പിച്ചതിനെതിരെ അന്ന് പ്രതികരിച്ചവര്‍ക്കെതിരെ ഇപ്പോ ഓഡിറ്റുമായി രംഗത്തു വരുന്നത്. റിട്ടയര്‍മെന്റിന് ശേഷം അയാള്‍ പറയുന്നതിനും പ്രവര്‍ത്തിക്കുന്നതിനുമൊക്കെ ഉത്തരവാദിത്തം അയാള്‍ക്ക് മാത്രം. പക്ഷേ ത്രികാലജ്ഞാനം വച്ച് അത് മുന്‍കൂട്ടിക്കണ്ടുകൊണ്ടാണ് നിങ്ങള്‍ സര്‍വ്വീസിലിരിക്കുമ്പോള്‍ അയാളെ വേട്ടയാടിയതെന്ന് പറഞ്ഞാല്‍ അത് അന്തം കമ്മികള്‍ക്ക് മാത്രം വിഴുങ്ങാന്‍ കഴിയുന്ന ന്യായമാണ്. പ്രത്യേകിച്ചും അതിന് ശേഷം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നത് നരേന്ദ്ര മോഡിയുടെ നേരിട്ടുള്ള നോമിനിയെ ആണെന്ന യാഥാര്‍ത്ഥ്യം കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍.

Top