മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍.ഹരി അന്തരിച്ചു

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ ആര്‍.ഹരി (93) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് മരണം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ടാറ്റ ഓയില്‍ മില്‍സില്‍ അസി. അക്കൗണ്ടന്റായിരുന്ന പുല്ലേപ്പടി തെരുവില്‍പ്പറമ്പില്‍ രംഗ ഷേണായിയുടെയും തൃപ്പൂണിത്തുറ സ്വദേശി പത്മാവതിയുടെയും മകനായി 1930 ഡിസംബര്‍ 5ന് ആണ് ജനനം. അച്ഛന്‍ ആര്‍എസ്എസ് അനുഭാവിയായിരുന്നു.

സെന്റ് ആല്‍ബര്‍ട്‌സിലും മഹാരാജാസിലും പഠനം. ബിഎസ്സിക്കു പഠിക്കുമ്പോഴാണ് 1948ല്‍ ഗാന്ധിവധത്തെ തുടര്‍ന്ന് ആര്‍എസ്എസിനെ നിരോധിക്കുന്നത്. തുടര്‍ന്ന് ജയിലിലായി. 5 മാസത്തെ ജയില്‍വാസം. ബിഎ ഇക്കണോമിക്‌സ് എടുത്ത് വീണ്ടും ബിരുദ പഠനം നടത്തി. പിന്നെ, സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം നേടി. 1951ല്‍ ഹരി മുഴുവന്‍ സമയ ആര്‍എസ്എസ് പ്രവര്‍ത്തകനായി. 1981ല്‍ സഹപ്രാന്ത പ്രചാരക് ആയി.

1990ല്‍ അഖില ഭാരതീയ സഹ ബൗദ്ധിക് പ്രമുഖായി. 91ല്‍ ബൗദ്ധിക് പ്രമുഖും. 1990 മുതല്‍ 2005 വരെയായിരുന്നു ബൗദ്ധിക് പ്രമുഖ് സ്ഥാനം വഹിച്ചത്. ആര്‍എസ്എസ് രീതിപ്രകാരം 75-ാം വയസ്സില്‍ എല്ലാ ഔദ്യോഗിക ചുമതകളില്‍നിന്ന് ഒഴിഞ്ഞു. 2 വര്‍ഷംകൂടി ചില പ്രത്യേക ചുമതലകള്‍ തുടര്‍ന്നു. 2007 മുതല്‍ പ്രചാരക് മാത്രം. 2000ല്‍ ഉത്തരേന്ത്യയിലുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ആര്‍. ഹരിക്കു മലയാളമൊഴികെ മറ്റു ഭാഷകളെല്ലാം ഓര്‍മയില്‍നിന്ന് നഷ്ടപ്പെട്ടു. പിന്നീടു ചികില്‍സയ്ക്കുശേഷമാണ് അവ തിരിച്ചുകിട്ടിയത്. അതിനുശേഷം കനപ്പെട്ട ഗ്രന്ഥങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും ചെയ്തു. മലയാളം, കൊങ്കണി, തമിഴ്, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലിഷ്, മറാഠി, ഗുജറാത്തി, ബംഗാളി, അസമീസ് എന്നീ 10 ഭാഷകള്‍ അറിയാവുന്ന ഹരി വിവിധ ഭാഷകളിലായി അറുപതോളം പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘വ്യാസഭാരതത്തിലെ ദ്രൗപതി’ എന്ന പുസ്തകം ആര്‍.ഹരിയുടേതാണ്.

Top