ഡി.ജി.പിയുടെ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പൊലീസ് സേനയില്‍ ഭിന്നത രൂക്ഷമാകുന്നു . .

loknath

തിരുവനന്തപുരം: ഒറീസക്കാരനായ സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബഹ്‌റ നടപ്പാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പൊലീസ് സേനയില്‍ അതൃപ്തി പടരുന്നു.പൊലീസ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ ആയി സബ് ഇന്‍സ്‌പെക്ടര്‍ക്ക് പകരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ നിയമിച്ച നടപടിയില്‍ എസ്.ഐമാര്‍ മാത്രമല്ല സി.ഐമാരും കട്ട കലിപ്പിലാണ്.

ഇതുവരെ സര്‍ക്കിളിന് കീഴിലെ രണ്ടോ മൂന്നോ പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഉണ്ടായിരുന്ന സി.ഐമാര്‍ എസ്.ഐമാര്‍ ഇരുന്ന കസേരയിലേക്ക് മാറേണ്ടി വന്നത് തരം താഴ്ത്തിയ നടപടിയായാണ് കാണുന്നത്.ഈ പരിഷ്‌ക്കാരത്തിന് പിന്നില്‍ ഡി.ജി.പിയുടെ ബുദ്ധിയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

എന്ത് ന്യായീകരണം പറഞ്ഞാലും എസ്.ഐമാര്‍ ഇരുന്നയിടത്ത് സി.ഐമാരെ ഒതുക്കിയത് ശരിയായില്ലെന്നതാണ് പൊതുവികാരം.പ്രിന്‍സിപ്പല്‍ എസ്.ഐമാരായവര്‍ക്കും ഉണ്ട് പരാതി. കൂടുതല്‍ ഗ്രേഡ് എസ്.ഐമാര്‍ ഉള്‍പ്പെടെ ഒരു സ്റ്റേഷനില്‍ ഉള്ളപ്പോള്‍ തന്നെ സി.ഐയെ തലപ്പത്ത് പ്രതിഷ്ഠിച്ചതിലാണ് ഇവരുടെ പ്രതിഷേധം.

ഇതിനൊക്കെ പുറമെ പൊലീസുകാര്‍ക്ക് ചെരിഞ്ഞ തൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനം പൊലീസുകാര്‍ മുതല്‍ ഐ.പി.എസുകാര്‍ക്കിടയില്‍ വരെ പ്രതിഷേധത്തിന് വഴിമരുന്നിട്ടിട്ടുണ്ട്. ഇതുവരെ ഡി.വൈ.എസ്.പിമാര്‍ മുതല്‍ ഡി.ജി.പി വരെയായിരുന്നു ഇത്തരത്തില്‍ ചെരിഞ്ഞ തൊപ്പികള്‍ ഉപയോഗിച്ചിരുന്നത്.

കളറില്‍ വ്യത്യാസം ഉള്ളതിനാല്‍ ഐ.പി.എസുകാര്‍ തങ്ങളുടെ ‘കുത്തക’ തൊപ്പിയില്‍ ഡി.വൈ.എസ്.പിമാരും പ്രമോട്ടി എസ്.പിമാരും കൈ വച്ചപ്പോള്‍ ഇതുവരെ എതിര്‍ത്തിരുന്നില്ല.എന്നാല്‍ ഇപ്പോള്‍ പൊലീസുകാര്‍ക്കടക്കം ചെരിഞ്ഞതൊപ്പി ഏര്‍പ്പെടുത്തുന്നതോടെ തൊപ്പിയുടെ ‘ഗൗരവം’ തന്നെ നഷ്ടമാകുമെന്നതാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിലപാട്.പൊലീസുകാരാകട്ടെ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് ഇപ്പോള്‍ ഉപയോഗിക്കുന്ന തൊപ്പി തന്നെ ധരിക്കാനുമാണ്.

മുഖ്യമന്ത്രി ഗൗരവമായി ഇടപെട്ടില്ലങ്കില്‍ ഇനി പൊലീസ് യൂണിഫോമും കാവിയോ, പച്ചയോ, മഞ്ഞയോ, ചുവപ്പോ ഒക്കെ ആയി മാറുന്ന കാലം വിദൂരമല്ലെന്ന പരിഹാസവും സേനക്ക് അകത്ത് നിന്നും ഉയര്‍ന്നു കഴിഞ്ഞു. ജനകീയ പൊലീസ് ആയി മാറുമ്പോള്‍ നിലവിലെ ‘സിസ്റ്റത്തില്‍’ നിന്നും പൂര്‍ണ്ണമായും മാറിയാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്കയും പരക്കെയുണ്ട്.

ഇതിനിടെ ചെരിഞ്ഞതൊപ്പി ഏര്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ഡി.ജി.പിക്കെതിരെ പ്രതികരിച്ച ജോഫിന്‍ ജോണി എന്ന പൊലീസുകാരനെ സസ്‌പെന്റ് ചെയ്ത നടപടിയും സേനക്കകത്ത് ചൂടുള്ള ചര്‍ച്ചക്ക് കാരണമായിട്ടുണ്ട്.

തൃശൂര്‍ സിറ്റിയില്‍ ജോലി ചെയ്യുന്ന പൊലീസുകാരനെതിരെ കമ്മീഷണര്‍ രാഹുല്‍ ആര്‍.നായരാണ് നടപടി സ്വീകരിച്ചത്. സി.ഐ മുതല്‍ എ.എസ്.ഐ വരെ ഉള്ളവര്‍ക്ക് ഒരേ നിറത്തിലുള്ള ചെരിച്ചുവയ്ക്കുന്ന തൊപ്പിയും (ബെരെ) പൊലീസുകാര്‍ക്ക് മറ്റൊരു നിറത്തിലുള്ള തൊപ്പിയുമാണ് നല്‍കുകയെന്നാണ് ഡി.ജി.പി നേരത്തെ വ്യക്തമാക്കിയിരുന്നത്.

എം വിനോദ്

Top