ചെന്നിത്തല അടക്കമുള്ള മുതിര്‍ന്ന നേതാക്കളെ മാറ്റണം : സോണിയക്ക് യൂത്ത് കോണ്‍ഗ്രസിന്റെ കത്ത്

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയില്‍ വലിയ അഴിച്ചുപണി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ഇല്ലെങ്കില്‍ പാര്‍ട്ടിയില്‍ കൂടുതല്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പുമായി യൂത്ത് കോണ്‍ഗ്രസ് സോണിയാ ഗാന്ധിക്ക് കത്തയച്ചു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി. അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസ്സന്‍ തുടങ്ങിയവരെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിഘടകങ്ങളുടെ ജംബോ കമ്മിറ്റികള്‍ ഉടന്‍ പിരിച്ചുവിടണമെന്നും ഈ കമ്മിറ്റികളെ അടിത്തട്ടില്‍ നിന്ന് നിന്ന് ശക്തിപ്പെടുത്തി കൊണ്ടുവരണമെന്ന ആവശ്യവും ഉന്നയിച്ചു. പാര്‍ട്ടി നിരുന്മേഷ മനോഭാവം ഇല്ലാതാക്കാനും തിരുത്തല്‍ നടപടികള്‍ ഉടനടി നടപ്പാക്കാനും തയ്യാറായില്ലെങ്കില്‍ അത് കൂടുതല്‍ തോല്‍വിയിലേക്ക് പാര്‍ട്ടിയെ എത്തിക്കുമെന്നും യൂത്ത് കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കുന്നു.

യൂത്ത് കോണ്‍ഗ്രസ് വൈസ്.പ്രസിഡന്റ് എസ്.ജെ.പ്രേംരാജ്, ജനറല്‍ സെക്രട്ടറി കെ.എ.ആബിദ് അലി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് 24 ഭാരവാഹികള്‍ ഒപ്പിട്ട കത്ത് എഐസിസി അധ്യക്ഷയ്ക്ക് അയച്ചിരിക്കുന്നത്. രാഹുല്‍ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അന്‍വര്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവര്‍ക്കും കത്തിന്റെ കോപ്പി അയച്ചിട്ടുണ്ട്.

Top