കെ.എം. റോയ് ഓര്‍മ്മയാകുമ്പോള്‍, നാം അറിയേണ്ടത് . . .

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. എം. റോയി നിര്യാതനായി. 82 വയസായിരുന്നു. കെ പി വള്ളോന്‍ റോഡിലെ വസതിയില്‍ വൈകീട്ട് മൂന്നരയ്ക്ക് ആയിരുന്നു അന്ത്യം. കഴിഞ്ഞ ഏഴു വര്‍ഷത്തോളമായി പക്ഷാഘാതം മൂലം അദ്ദേഹം പൊതുരംഗത്തു നിന്ന് പൂര്‍ണ്ണമായി മാറി നില്ക്കുകയായിരുന്നു. കെ.എം.റോയ് പല നിലകളില്‍ തിളങ്ങിയ വ്യക്തിത്വമാണ്. മഹാരാജാസിലെ രാഷ്ട്രീയക്കാരനില്‍ തുടങ്ങി പത്രപ്രവര്‍ത്തകനായി പേരെടുത്ത് പിന്നീട് പ്രഭാഷകനായും കോളമിസ്റ്റായും പത്രപ്രവര്‍ത്തക യൂണിയന്‍ നേതാവായും റോയ് മാറി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ വളരെ സജീവമായിരുന്നു. മത്തായി മാഞ്ഞൂരാന്‍ ആയിരുന്നു രാഷ്ട്രീയ ഗുരു. എറണാകുളം മഹാരാജാസില്‍ വിദ്യാര്‍ഥിയായിരിക്കെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ കെഎസ്പിയുടെ വിദ്യാര്‍ഥി നേതാവായിരുന്നു റോയ്. ആന്റണിയും വയലാര്‍ രവിയും ഉയര്‍ന്ന് വന്ന അതേ കാലത്താണ് റോയ് സോഷ്യലിസ്റ്റ് പാത പിന്തുടര്‍ന്നത്. എം.എ ഹിസ്റ്ററി പൂര്‍ത്തിയാക്കി അദ്ദേഹം പിന്നീട് പൂര്‍ണ്ണ സമയ പത്രപ്രവര്‍ത്തകനായി.

1961-ല്‍ മത്തായി മാഞ്ഞൂരാന്റെ ‘കേരളപ്രകാശം’ എന്ന പത്രത്തില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ എം.എ വിദ്യാര്‍ഥിയായിരിക്കെ തന്നെ, സഹപത്രാധിപരായി ചേര്‍ന്നുകൊണ്ടു മാധ്യമ ജീവിതത്തിന് തുടക്കം കുറിച്ചു. അതിനു ശേഷം ‘ദേശബന്ധു’, ‘കേരളഭൂഷണം’ എന്നീ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചു. ‘എക്കണോമിക് ടൈംസ്’, ‘ദി ഹിന്ദു’ തുടങ്ങിയ പത്രങ്ങളിലും യു.എന്‍.ഐ.’ വാര്‍ത്താ ഏജന്‍സിയിലും പ്രവര്‍ത്തിച്ചു. ‘മംഗളം’ ദിനപത്രത്തിന്റെ ജനറല്‍ എഡിറ്റര്‍ പദവിയിലിരിക്കെ സജീവ പത്രപ്രവര്‍ത്തന രംഗത്ത് നിന്ന് വിരമിച്ചു.

രണ്ടു പതിറ്റാണ്ടിലേറെ ആയി ‘മംഗളം’ വാരികയില്‍ ‘ഇരുളും വെളിച്ചവും’ എന്ന പംക്തി പ്രശസ്തമാണ്.’കാലത്തിന് മുമ്പെ നടന്ന മാഞ്ഞൂരാന്‍’ എന്ന ഗ്രന്ഥവും എഴുതിയിട്ടുണ്ട്. കേരള പത്രപ്രവര്‍ത്തക യൂണിയന്റെ പ്രസിഡന്റ്, ഇന്ത്യന്‍ ഫെഡറേഷന്‍ ഒഫ് വര്‍ക്കിംഗ് ജേര്‍ണലിസ്റ്റിന്റെ സെക്രട്ടറി ജനറല്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. ബാബറി മസ്ജിദ് തകര്‍ത്തപ്പോള്‍ റോയി എഴുതിയ മുഖപ്രസംഗം 93ല്‍ ഏറ്റവും നല്ല മുഖപ്രസംഗത്തിനുള്ള അവാര്‍ഡ് നേടി. ഒതുങ്ങിപ്പോകുമായിരുന്ന സിസ്റ്റര്‍ അഭയ കേസിനെ സജീവമാക്കി നിര്‍ത്താനും അദ്ദേഹത്തിന് കഴിഞ്ഞു.

 

Top