മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദ്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ ജയ്പാല്‍ റെഡ്ഡി (77) അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു അന്ത്യം. കടുത്ത പനിയെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി അദ്ദേഹം ചികിത്സയിലായിരുന്നു.

1942-ല്‍ ജനിച്ച റെഡ്ഡി ഒസ്മാനിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവായാണ് രാഷ്ട്രീയരംഗത്ത് എത്തുന്നത്. തെലങ്കാനയിലെ ചെവല പാര്‍ലിമെന്റിനെ പ്രതനിധീകരിച്ച് 15ാം ലോക്സഭയില്‍ അംഗമായിരുന്ന ഇദ്ദേഹം ശാസ്ത്രസാങ്കേതിക വിദ്യാ വകുപ്പ് മന്ത്രിയായിരുന്നു. 1998ല്‍ ഐ കെ ഗുജാറാള്‍ മന്ത്രിസഭയില്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രിയായിരുന്നു. 21 വര്‍ഷത്തിനു ശേഷമാണ് വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്. 2014ല്‍ മിര്‍യാല്‍ഗുഡ മണ്ഡലത്തില്‍നിന്ന് പാര്‍ലിമെന്റിലെത്തിയ ഇദ്ദേഹം ഒന്നാം യുപിഎ സര്‍ക്കാരിലും ഇതേ സ്ഥാനം വഹിച്ചു. 2012 ഒക്ടോബര്‍ 29 മുതല്‍ 2014 മെയ് വരെ ശാസ്ത്രസാങ്കേതിക വകുപ്പ് മന്ത്രിയായിരുന്നു.

ആന്ധ്രപ്രദേശിലെ കല്‍വാകര്‍ത്തിയില്‍ നിന്ന് 1969 മുതല്‍ നാലുതവണ എംഎല്‍എയായിരുന്നു. കോണ്‍ഗ്രസ് അംഗമായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥയ്ക്കു ശേഷം പാര്‍ട്ടിവിട്ട് 1977ല്‍ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്നു. തുടര്‍ന്ന് 1980ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിക്കെതിരേ മേദകില്‍ മല്‍സരിച്ചെങ്കിലും പരാജയപ്പെട്ടു. 1985 മുതല്‍ 88 വരെ ജനതാപാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു. അഞ്ചുതവണ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. രണ്ടുതവണ രാജ്യസഭാംഗവുമായി.

Top