വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്

വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയെ വീണ്ടും ചോദ്യം ചെയ്ത് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. തനിക്ക് ഇവിഎമ്മുകളില്‍ വിശ്വാസമില്ലെന്ന് 2003 മുതല്‍ പറയുന്നതാണ്. ഹാക്ക് ചെയ്യാന്‍ പറ്റാത്ത ഒരു ചിപ്പ് ഘടിപ്പിച്ച യന്ത്രം ലോകത്ത് ഇല്ല. വോട്ടര്‍മാര്‍ക്ക് വിവിപാറ്റ് സ്ലിപ്പുകള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

VVPAT സ്ലിപ്പ് നല്‍കുന്നതിനെ എതിര്‍ക്കുന്നത് എന്തിനാണ്? ഈ ആവശ്യം ഉന്നയിക്കാന്‍ ഇന്ത്യ ബ്ലോക്ക് ഓഗസ്റ്റ് മുതല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണാന്‍ സമയം തേടുകയാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനി രണ്ട് ഓപ്ഷനാണ് ഉള്ളത്? ഒന്നുകില്‍ സുപ്രീം കോടതിയില്‍ പോകുക അല്ലെങ്കില്‍ ഇവിഎമ്മിനെതിരെ തെരുവിലിറങ്ങുക. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകിച്ച് ഇന്ത്യാ ബ്ലോക്ക് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമെടുക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.എല്ലാ വികസിത രാജ്യങ്ങളിലെയും പോലെ ബാലറ്റിലൂടെ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കൗണ്ടിംഗ് കൂടുതല്‍ സമയമെടുക്കും. പക്ഷേ സാരമില്ല, തങ്ങളുടെ വോട്ട് അവര്‍ ആഗ്രഹിച്ച വയക്തിക്ക് തന്നെ ലഭിച്ചെന്ന് പൊതുസമൂഹം വിശ്വസിക്കും. നരേന്ദ്രമോദിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും ഇവിഎമ്മുകളെ ഇത്രയധികം സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ VVPAT സ്ലിപ്പ് കാണിക്കുന്നില്ല? അത് ഞങ്ങള്‍ക്ക് തരൂ, ഞങ്ങള്‍ അത് ബാലറ്റ് പെട്ടികളില്‍ ഇടാമെന്നും അദ്ദേഹം പറഞ്ഞു.

‘നിങ്ങള്‍ EVM-ല്‍ ‘പഞ്ച’ അമര്‍ത്തി, പക്ഷേ സോഫ്റ്റ്വെയര്‍ പറയുന്നു ‘താമര’ എന്ന്. എങ്കില്‍ എന്താണ് പ്രിന്റ് ചെയ്യുക? പഞ്ചയോ താമരയോ? വിവിപാറ്റ് മെഷീന്‍ 7 സെക്കന്‍ഡ് ‘പഞ്ച’ കാണിക്കുകയും നിങ്ങള്‍ സന്തോഷത്തോടെ മടങ്ങുകയും ചെയ്യും, പക്ഷേ ‘താമര’യാകും അച്ചടിക്കുക! രാഹുല്‍ മേത്തയുടെ വീഡിയോയില്‍ നിങ്ങള്‍ക്ക് ഈ കളി കാണാന്‍ കഴിയും’- സിംഗ് കൂട്ടിച്ചേര്‍ത്തു.’ആര്‍ക്കാണ് ഞാന്‍ വോട്ട് രേഖപ്പെടുത്തേണ്ടത്, എന്റെ വോട്ട് എവിടെ പോയി എന്ന് പോലും എനിക്കറിയില്ല. ഹാക്ക് ചെയ്യാന്‍ കഴിയാത്ത ചിപ്പ് ഉള്ള ഒരു യന്ത്രവും ലോകത്തിലില്ല. ചിപ്പിലെ സോഫ്റ്റ്വെയറിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ഇവ പ്രവര്‍ത്തിക്കുന്നത്. നിങ്ങള്‍ ‘A’ എന്ന് ടൈപ്പ് ചെയ്താല്‍ സോഫ്റ്റ്വെയര്‍ ‘A’ എന്ന് പറയും, ‘A’ എന്ന് മാത്രം പ്രിന്റ് ചെയ്യും’ – ദിഗ്വിജയ് സിംഗ് പറഞ്ഞു.

Top