മുതിർന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ബ്രിജേഷ് കലപ്പ പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചു. സ്വന്തം പ്രവര്‍ത്തനങ്ങളില്‍ തൃപ്തി തോന്നാത്തതിനാലാണ് തീരുമാനമെന്ന് ബ്രിജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. സുപ്രീംകോടതി അഭിഭാഷകനായി പ്രവർത്തിച്ചുവരികയാണ് ഇദ്ദേഹം.

ചാനൽ ചര്‍ച്ചകളില്‍ കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തതാണ് ബ്രിജേഷ് കലപ്പ ശ്രദ്ധ നേടിയത്. 2018ല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കുടകിലെ മടിക്കേരിയിലോ വിരാജ്പേട്ടയിലോ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ പാർട്ടി സീറ്റ് നൽകിയില്ല.

“പാര്‍ട്ടി എന്നെ ഏല്‍പിച്ചിരുന്ന പ്രവര്‍ത്തനങ്ങളെല്ലാം നന്നായി പൂര്‍ത്തിയാക്കാന്‍ എനിക്ക് കഴിഞ്ഞു. 2014ന് ശേഷം പാര്‍ട്ടി കൂടുതല്‍ പ്രതിസന്ധിയിലായപ്പോഴും ഊര്‍ജ്വസ്വലതയോടെ എനിക്ക് പ്രവര്‍ത്തിക്കാനായി. ഇപ്പോള്‍ എന്‍റെ പ്രവര്‍ത്തനങ്ങളില്‍ എനിക്ക് തന്നെ തൃപ്തി തോന്നുന്നില്ല” -രാജിവെച്ചുകൊണ്ട്
സോണിയ ഗാന്ധിക്ക് നല്‍കിയ കത്തില്‍ ബ്രിജേഷ് കലപ്പ പറഞ്ഞു. വലിയ പദവിയിലേക്ക് തന്നെ എത്തിച്ചതില്‍ പാര്‍ട്ടിയോടും നേതാക്കളോടും അദ്ദേഹം നന്ദി പറഞ്ഞു.

കര്‍ണാടകയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എച്ച്‌.എന്‍. ചന്ദ്രശേഖര്‍ രണ്ട് ദിവസം മുൻപ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിജേഷ് കലപ്പയുടെ രാജി.

Top