Senior BJP leader book release just before withdrew LK Advani

ഡല്‍ഹി : മുതിര്‍ന്ന ബിജെപി നേതാവും എല്‍ കെ അദ്വാനിയുടെ സഹായിയുമായിരുന്ന വിശ്വംഭര്‍ ശ്രീവാസ്തവ എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ നിന്നും എല്‍ കെ അദ്വാനി പിന്മാറി.

32 വര്‍ഷം എല്‍കെ അദ്വാനിയുടെ കൂടെയുണ്ടായിരുന്ന ശ്രീവാസ്തവ അദ്വാനിയുമായുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചെഴുതായതാണ് പുസ്തകം. അദ്വാനി കെ സാത് 32 സാല്‍ ( 32 വര്‍ഷം അദ്വാനിയോടൊപ്പം) എന്നാണ് പുസ്തകത്തിന്റെ പേര്.

പുസ്തക പ്രകാശനത്തിന്റെ തലേ ദിവസമാണ് ചടങ്ങില്‍ അദ്വാനി പങ്കെടുക്കില്ലെന്ന് അദ്വാനിയുടെ സെക്രട്ടറി ദീപ്ക ചോപ്ര കത്തിലൂടെ അറിയിച്ചു.

എല്‍ കെ അദ്വാനിയുടെ സമ്മതം ഇല്ലാതെയാണ് പുസ്തകം എഴുതിയിരിക്കുന്നതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. തന്നെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാന്‍ അദ്വാനി ആഗ്രഹിച്ചിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ കത്ത് ലഭിച്ച താന്‍ അത്ഭുതപ്പെട്ടുപോയി എന്ന് ശ്രീവാസ്തവ പറഞ്ഞു. പുസ്തകം എഴുതിയതിനു ശേഷം അത് അദ്വാനിയെ കാണിച്ചിരുന്നു.

തിരുത്തലുകള്‍ വരുത്തി അദ്വാനിയുടെ സമ്മതത്തോടുകൂടിയാണ് താന്‍ പുസ്തകം അച്ചടിക്കാന്‍ കൊടുത്തതെന്ന് ശ്രീവാസ്തവ പറയുന്നു. ഇപ്പോള്‍ അയച്ചിരിക്കുന്ന കത്തില്‍ പറയുന്ന കാര്യങ്ങള്‍ തന്നെ ഞെട്ടിപ്പിച്ചു കളഞ്ഞെന്നും ശ്രീവാസ്തവ പ്രതികരിച്ചു.

പുസ്തകം കയ്യില്‍ വെച്ച അദ്വാനിയുടെയും ശ്രീവാസ്തവയുടെയും ചിത്രങ്ങള്‍ രണ്ട് ദിവസം മുമ്പ് പുറത്തുവന്നിരുന്നു. അദ്വാനിക്ക് പുസ്തകത്തെ കുറിച്ച് വ്യക്തമായി അറിയാമായിരുന്നുവെന്ന് ഈ ചിത്രം വ്യക്തമാക്കുന്നു.

എന്നാല്‍ അദ്വാനി പിന്മാറാനുള്ള കാരണം എന്താണെന്ന് അദ്വാനി വ്യക്തമാക്കണമെന്നാണ് ശ്രീവാസ്തവയുടെ ആവശ്യം.

അദ്വാനിയുടെ 30 വര്‍ഷത്തെ രാഷ്ട്രീയ ജീവിതമാണ് ശ്രീവാസ്തവയുടെ പുസ്തകത്തില്‍ പറയുന്നത്. പുസ്തകത്തിലെ ഉള്ളടക്കം വിവാദമുണ്ടാക്കുമോയെന്ന പേടിയാണ് അദ്വാനിയെ ചടങ്ങില്‍ നിന്നും പിന്മാറാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

Top