ബൈഡനും കമല ഹാരിസിനും ആശംസ സന്ദേശങ്ങൾ അയച്ച് ലോകരാജ്യങ്ങൾ

വാഷിം​ഗ്ടൺ: ചുമതലയേറ്റതിന് പിന്നാലെ ജോ ബൈഡനെയും കമല ഹാരിസിനെയും അഭിനന്ദിച്ച് ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ. ഇന്ത്യ അമേരിക്ക ബന്ധം കൂടുതൽ ദൃഢമാകാൻ ബൈഡനുമൊത്ത് യോജിച്ച് പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. മുൻകാലങ്ങളിലെ അമേരിക്കയുടെ കറകൾ ബൈഡൻ മായിക്കണമെന്ന് ഇറാൻ ആവശ്യപ്പെട്ടു. സമാധാനവും സഹകരണവും സൃഷ്ടിക്കാൻ കഴിയട്ടെയെന്ന് ഫ്രാൻസീസ് മാർപാപ്പ ആശംസിച്ചു.

ഫ്ലോറിഡയിലേക്കുള്ള യാത്രാമധ്യേ വിമാനത്തിലിരുന്നാണ് സ്ഥാനമൊഴിഞ്ഞ ട്രംപ് ഒരുക്കങ്ങൾ വീക്ഷിച്ചത്.ബൈഡന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ് എത്തിയത്. പ്രസിഡന്റായി ചുമതലേയറ്റ ജോ ബൈഡ‍നെ അഭിനന്ദിക്കുന്നുവെന്ന് മോദി വ്യക്തമാക്കി. പൊതുവായുള്ള വെല്ലുവിളികളെ നേരിടുന്നതിലും സമാധാനവും സുരക്ഷയും ഉറപ്പാക്കാനും യോജിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി പങ്കുവച്ചു. വൈസ് പ്രസിഡന്റായി ചുമതലയേറ്റ കമല ഹാരിസിനെയും അദ്ദേഹം അഭിനന്ദിച്ചു.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിദെ സുഗ തുടങ്ങിയവരും ബൈഡനെയും കലമല ഹാരിസിനെയും അഭിനന്ദിച്ചു. ട്രംപിന്റെ കാലത്തുണ്ടായ തിരിച്ചടി മറികടക്കാൻ ലക്ഷ്യമിടുന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനും ബൈഡന് ആശംസകൾ നേർന്നു. മേഖലയിലെ സമാധാനം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽ യോജിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷ ഇമ്രാൻ പങ്കുവച്ചു. അതേസമയം റഷ്യയും ചൈനയും ഇറാനും ബൈഡന്റെ സ്ഥാനാരോഹണത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

Top