മക്കളെ സ്‌കൂളില്‍ അയയ്ക്കാത്ത മാതാപിതാക്കളെ ജയിലിലടക്കുമെന്ന് ബിഹാര്‍ മന്ത്രി

school

പാട്ന: മക്കളെ സ്‌കൂളുകളില്‍ അയയ്ക്കാത്ത മാതാപിതാക്കളെ പോലീസ് സ്റ്റേഷനില്‍ വെള്ളവും ഭക്ഷണവും നല്‍കാതെ പൂട്ടിയിടുമെന്ന് ബിഹാര്‍ മന്ത്രി.

ഭിന്നശേഷി വിഭാഗക്കാരുടെ ക്ഷേമത്തിനായുള്ള വകുപ്പു മന്ത്രി ഓം പ്രകാശ് രാജ്ഭര്‍ ആണ് വിവാദ പ്രസ്താവന നടത്തിയത്.

ബിഹാറിലെ റാസ്ദയില്‍ ശനിയാഴ്ച നടന്ന പാര്‍ട്ടി റാലിയിലാണ് രാജ്ഭര്‍ പ്രസ്താവന നടത്തിയത്. സംഭവം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

തന്റെ നിയമം മണ്ഡലത്തിലെ ഓരോ വാര്‍ഡുകളിലും നടപ്പിലാക്കാന്‍ പോവുകയാണെന്നും കുട്ടികളെ സ്‌കുളുകളിലില്‍ അയയ്ക്കാത്ത മാതാപിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ അഞ്ചുദിവസം ഇരിക്കേണ്ടിവരുമെന്നും അവര്‍ക്ക് ഒരിക്കല്‍ പോലും വെള്ളവും ഭക്ഷണവും നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളെ സ്‌കൂളിലയച്ചില്ലെങ്കില്‍ നിങ്ങളെ പോലീസ് വന്ന് പിടികൂടുമെന്ന് മാതാപിതാക്കള്‍ക്ക് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കുട്ടികളെ സ്‌കൂളുകളില്‍ അയയ്ക്കേണ്ടതിന്റെ ആവശ്യകത നിങ്ങളെ മക്കളോ, നേതാക്കളോ, സഹോദരങ്ങളോ മനസിലാക്കിക്കുന്നതുവരെ ഇതു തുടരുമെന്നും അദ്ദേഹം പറഞ്ഞു. അത് മനസിലാക്കിയില്ലെങ്കില്‍ ആറുമാസത്തിനു ശേഷം വീണ്ടും നടപടികള്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

മക്കളെ സ്‌കൂളുകളില്‍ അയയ്ക്കാത്തവര്‍ക്കെതിരെ കടുത്ത നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അവര്‍ക്ക് ‘കാപ്പിറ്റല്‍ പണിഷ്മെന്റ് ‘ നല്‍കാന്‍ പോലും താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രസ്താവന വിവാദമായെങ്കിലും പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നാണ് ഓം പ്രകാശ് രാജ്ഭര്‍ പറയുന്നത്. മാതാപിതാക്കളെ ജയിലിലടയ്ക്കുമെന്ന് പറയുന്നതില്‍ എന്താണ് തെറ്റെന്നും സര്‍ക്കാര്‍ എല്ലാവിധ സൗകര്യങ്ങളും നല്‍കിയിട്ടും മക്കളെ സ്‌കൂളുകളിലേക്ക് അയയ്ക്കാന്‍ അവര്‍ തയ്യാറാകാത്തതെന്തെന്നും അദ്ദേഹം ചോദിച്ചു.

Top