സവര്‍ക്കറിന് ഭാരതരത്‌നം; എതിര്‍ക്കുന്നവരെ ആന്തമാന്‍ ജയിലില്‍ അയയ്ക്കണം: സഞ്ജയ് റൗത്ത്

വീര്‍ സവര്‍ക്കറിന് ഭാരതരത്‌നം നല്‍കുന്നതിനെ എതിര്‍ക്കുന്നവര്‍ക്ക് അദ്ദേഹത്തെ പാര്‍പ്പിച്ച അതേ ജയിലില്‍ താമസം അനുവദിക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത്. വീര്‍ സവര്‍ക്കറിന് ഭാരതരത്‌നം നല്‍കേണ്ടതില്ലെന്ന് വാദിക്കുന്നവരെ രണ്ട് ദിവസം ആന്തമാന്‍ സെല്ലുലാര്‍ ജയിലില്‍ അയയ്ക്കണമെന്നാണ് റൗത്തിന്റെ ആവശ്യം. സവര്‍ക്കര്‍ രാജ്യത്തിനായി നല്‍കിയ ത്യാഗവും, സംഭാവനയും ഇതുവഴി മനസ്സിലാക്കാന്‍ കഴിയുമെന്ന് ശിവസേനാ നേതാവ് ചൂണ്ടിക്കാണിച്ചു.

‘വീര്‍ സവര്‍ക്കറെ ബഹുമാനിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്. അദ്ദേഹത്തിന് ഭാരതരത്‌നം നല്‍കുന്നതിനെ എതിര്‍ക്കുന്നവരെ രണ്ട് ദിവസം ആന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ പാര്‍പ്പിക്കണം. സവര്‍ക്കര്‍ അവിടെയാണ് തടവില്‍ കഴിഞ്ഞത്. അപ്പോള്‍ മാത്രമാണ് അദ്ദേഹം നല്‍കിയ സംഭാവനയും ത്യാഗവും എന്താണെന്ന് ഇവര്‍ക്കൊക്കെ മനസ്സിലാകൂ’, സഞ്ജയ് റൗത്ത് വ്യക്തമാക്കി.

റൗത്തിന്റെ പ്രസ്താവനയെ സവര്‍ക്കറുടെ പേരക്കുട്ടി രഞ്ജിത്ത് സവര്‍ക്കര്‍ സ്വാഗതം ചെയ്തു. വീര്‍ സവര്‍ക്കറെ എതിര്‍ക്കുന്നതില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കളെ റൗത്തിന് പിന്തിരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഇന്ദിരാ ഗാന്ധി അധോലോക നായകന്‍ കരിം ലാലയെ കാണുന്ന പതിവുണ്ടായിരുന്നുവെന്ന് പ്രസ്താവിച്ച് നേരത്തെ വിവാദം സൃഷ്ടിച്ച സഞ്ജയ് റൗത്ത് ഈ പ്രസ്താവന പിന്‍വലിച്ചിരുന്നു.

അതേസമയം ഈ വിവാദങ്ങളൊന്നും ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തെ യാതൊരു തരത്തിലും ബാധിക്കില്ലെന്ന് മഹാരാഷ്ട്ര മന്ത്രി ആദിത്യ താക്കറെ വ്യക്തമാക്കി. ചരിത്രം പറഞ്ഞ് സമയം കളയുന്നതിന് പകരം നിലവിലെ വിഷയങ്ങള്‍ സംസാരിക്കാമെന്നും താക്കറെ പ്രതികരിച്ചു.

Top