ലോകകപ്പ് ഫുട്‌ബോള്‍ ; സെനഗലും പോളണ്ടും ഇന്ന് നേര്‍ക്കു നേര്‍

senegal-poland

മോസ്‌കോ: മികച്ച മുന്നേറ്റക്കാര്‍ നയിക്കുന്ന സെനഗലും പോളണ്ടും ഇന്ന് നേര്‍ക്കു നേര്‍ പോരാടും. റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ന് ഇറങ്ങുന്ന ടീമുകള്‍ യൂറോപ്യന്‍ ഫുട്‌ബോളിലെ രണ്ടു സൂപ്പര്‍ താരങ്ങളുടെ ടീമുകള്‍ കൂടിയാണ്. ലിവര്‍പൂള്‍ താരം സാഡിയോ മാനേയുടെ നേതൃത്വത്തില്‍ സെനഗലും ബയേണ്‍ താരം ലെവന്‍ഡോവ്‌സ്‌കിയുടെ നേതൃത്വത്തില്‍ പോളണ്ടും ഇന്ന് പോരാട്ടത്തിനായി ഇറങ്ങും.

ലിവര്‍പൂളിന് വേണ്ടി കഴിഞ്ഞ സീസണില്‍ 20 ഗോളുകള്‍ നേടിയ മാനേ മികച്ച ഫോമിലാണുള്ളത്. മാനേ എത്രത്തോളം മികച്ച പ്രകടനം പുറത്തെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും സെനഗലിന്റെ മുന്നേറ്റം. 2002ല്‍ ഫ്രാന്‍സിനെ അട്ടിമറിച്ചു തുടങ്ങിയ സെനഗല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ മുന്നേറിയിരുന്നു. അതിനു ശേഷം ആദ്യമായാണ് സെനഗല്‍ ലോകകപ്പ് കളിക്കാനായി എത്തുന്നത്. സൗത്ത് കൊറിയയെ സന്നാഹ മത്സരത്തില്‍ എതിരില്ലത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് സെനഗല്‍ എത്തുന്നത്.

ബയേണ്‍ മൂണിച്ചിന് വേണ്ടി 40 ഗോളുകള്‍ നേടിയാണ് ലെവന്‍ഡോവ്‌സ്‌കി ലോകകപ്പ് കളിയ്ക്കാന്‍ എത്തുന്നത്. യൂറോപ്പ്യന്‍ യോഗ്യത റൌണ്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും ലെവന്‍ഡോവ്‌സ്‌കി ആയിരുന്നു. സെനഗലിനെ അനായാസമായി മറികടക്കാം എന്ന പ്രതീക്ഷയാണ് പോളണ്ടിനുള്ളത്.

മികച്ച മുന്നേറ്റ നിരക്കാര്‍ നയിക്കുന്ന ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ മത്സരം കനക്കുമെന്ന് ഉറപ്പ്. ഇന്ത്യന്‍ സമയം രാത്രി 8.30 നു ആണ് സെനഗല്‍ പോളണ്ട് മത്സരം.

Top