പോളണ്ട് പൊളിഞ്ഞു; സെനഗല്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയിച്ചു

മോസ്‌കോ: ഗ്രൂപ്പ് എച്ചിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ പോളണ്ട് സെനഗലിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. പോളണ്ട് പ്രതിരോധ നിര താരങ്ങള്‍ വരുത്തിയ പിഴവാണ് രണ്ട് ഗോളുകള്‍ക്കും കാരണമായത്.

പോളണ്ട് താരം തിയാഗോ സിനോനെക്കിന്റെ സെല്‍ഫ് ഗോളിന് മുന്നിലെത്തിയ സെനഗല്‍ രണ്ടാം പകുതിയില്‍ നിയാംഗിന്റെ ഗോളിലൂടെ ലീഡുയര്‍ത്തി. എന്നാല്‍ 86ആം മിനിറ്റില്‍ ക്രിച്ചോവിയാക്ക് പോളണ്ടിന് വേണ്ടി ഗോള്‍ നേടുകയായിരുന്നു. എന്നാല്‍ മത്സരത്തിലേക്ക് തിരിച്ചുവരാന്‍ പോളിഷ് നിരയ്ക്ക് കഴിഞ്ഞില്ല

പോളണ്ടിന്റെ പ്രതിരോധ നിര താരം തിയാഗോ സിനോനെക്കിന്റെ കാലില്‍ തട്ടിയാണ് പന്ത് ഗോള്‍ വലയിലേക്ക് കയറിയത്. മുപ്പത്തിയെട്ടാം മിനിറ്റില്‍ ബോക്സിന് വാരകള്‍ അകലെവച്ച് സാനെ ഇദ്രിസ ഗ്യുയെയ്ക്ക് കൊടുത്ത പാസ് സിയോനെക്കിന്റെ കാലില്‍ തട്ടുകയായിരുന്നു. പോസ്റ്റിന് പുറത്തേക്ക് പോകുമായിരുന്ന പന്താണ് സിയോനെക്കിന്റെ കാലില്‍ തട്ടിയത്.

അറുപതാം മിനിറ്റില്‍ പോളണ്ട് പ്രതിരോധ താരം ഗോളിക്ക് നല്‍കിയ മൈനസ് പാസാണ് രണ്ടാം ഗോളിന് കാരണമായത്. പാസ് സ്വീകരിക്കാന്‍ മുന്നോട്ട് കയറിയ ഗോളിയെ വെട്ടിച്ച് നിയാംഗ് ഗോള്‍ വല കുലുക്കി. എന്നാല്‍ 86ആം മിനിറ്റില്‍ പോളണ്ടിന് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് ക്രിച്ചോവിയാക്ക് ഗോളാക്കി മാറ്റുകയായിരുന്നു.

Top