സര്‍ക്കാര്‍ അന്ത്യശാസന ഫലം കണ്ടു; സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് മടങ്ങി

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ടി.പി സെന്‍കുമാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം മടങ്ങി. സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയതിനു പിന്നാലെ മടക്കം. അഞ്ചുവര്‍ഷത്തിലേറെയായി സെന്‍കുമാറിനൊപ്പമുള്ള പേഴ്‌സണല്‍ സ്റ്റാഫംഗവും സുരക്ഷാ ഉദ്യോഗസ്ഥനുമായ ഗ്രേഡ് എഎസ്‌ഐ അനില്‍കുമാറിനെയാണ് സിറ്റി പോലീസ് കമ്മിഷണറേറ്റിലേക്കു മടക്കി അയച്ചത്.

അനില്‍കുമാറിന്റെ സേവനം അവസാനിപ്പിക്കാന്‍ നിര്‍ദേശിച്ച് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തത തേടി സെന്‍കുമാര്‍ നല്‍കിയ കത്ത് ആഭ്യന്തര സെക്രട്ടറി തള്ളിയിരുന്നു.

കൂടാതെ, സ്ഥലംമാറ്റ ഉത്തരവ് ഉടനടി അനുസരിക്കാന്‍ സര്‍ക്കാര്‍ സെന്‍കുമാറിന് കര്‍ശന നിര്‍ദ്ദേശവും നല്‍കി. ഉത്തരവ് 24 മണിക്കൂറിനുള്ളില്‍ നടപ്പാക്കിയശേഷം സെന്‍കുമാറിന്റെ പരാതി പരിഗണിക്കാമെന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സ്വീകരിച്ചത്. ഇതേതുടര്‍ന്ന് സെന്‍കുമാര്‍ അനില്‍കുമാറിനെ മടക്കി അയയ്ക്കുകയായിരുന്നു.

സിറ്റി പോലീസ് കമ്മിഷണറേറ്റില്‍ ഗ്രേഡ് എഎസ്‌ഐയായ അനില്‍കുമാറിനെ സെന്‍കുമാറിന്റെ സ്റ്റാഫില്‍ നിന്നൊഴിവാക്കി ആഭ്യന്തര സെക്രട്ടറി സുബ്രതോ ബിശ്വാസാണ് അസാധാരണ ഉത്തരവിറക്കിയത്.

201-2ല്‍ ഇന്റലിജന്‍സ് എഡിജിപിയായിരിക്കേയാണ് അനില്‍കുമാര്‍ ക്യാമ്പ് ഓഫീസിലെത്തിയതെന്ന് സെന്‍കുമാര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് സര്‍ക്കാര്‍ തള്ളുകയും അന്ത്യശാസനം നല്‍കുകയുമായിരുന്നു.

Top