സൈബര്‍ സുരക്ഷയില്‍ തങ്ങള്‍ക്കും പ്രാതിനിധ്യം വേണമെന്ന് കുരുന്നുകള്‍

കൊച്ചി: രാജ്യാന്തര സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സായ കൊക്കൂണിന് മുന്നോടിയായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കിഡ് ഗ്ലൗവ് സംഘടിപ്പിച്ചു. പരിപാടിയില്‍ ഡിഐജിയും സൈബര്‍ കുറ്റാന്വേഷണ വിദഗ്ധനുമായിരുന്ന ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ. സഞ്ജയ്കുമാര്‍ ഗുരുദിന്‍ സൈബര്‍ കുറ്റകൃത്യങ്ങളെ സംബന്ധിച്ച് വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്തി.

വിഷയത്തെ കുറിച്ച് വ്യക്തമായ ധാരണ വിദ്യാര്‍ഥികളില്‍ വരുത്താന്‍ കിഡ് ഗ്ലൗവ് സഹായകരമാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. സൈബര്‍ സുരക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എന്ത് കാര്യമെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഞങ്ങള്‍ക്കും അറിയണം ഈ സൈബര്‍ സുരക്ഷയെ പറ്റി എന്നതായിരുന്നു പരിപാടിയില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ മറുപടി.

രാജ്യത്തെ കൗമാരക്കാരില്‍ 56 ശതമാനം പേരും ഇന്റര്‍നെറ്റിന്റെ അടിമകളാണ്. ഇപ്പോള്‍ തട്ടിക്കൊണ്ട് പോകല്‍ വരെ ഇന്റര്‍നെറ്റിലൂടെയുണ്ടായിട്ടുണ്ട്. പണ്ട് ഒരാളെ തട്ടിക്കൊണ്ട് പോകണമെങ്കില്‍ അയാളുടെ പിറകെ നടന്ന് കഷ്ടപ്പെടണമായിരുന്നു. എന്നാല്‍ ഇന്ന് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട് എവിടെയെങ്കിലും വിളിച്ച് വരുത്തി കുറ്റകൃത്യങ്ങള്‍ ചെയ്യുന്നു. ഇതിനെതിരെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും കരുതി ഇരിക്കണമെന്ന് പരിപാടിയില്‍ സഞ്ചയ്കുമാര്‍ ഐപിഎസ് പറഞ്ഞു.

“മറ്റു കുറ്റവാളികളിലും സൈബര്‍ കുറ്റവാളികളിലും തമ്മില്‍ രൂപഭാവത്തില്‍ വ്യത്യാസം ഇല്ല. എങ്കിലും നമ്മള്‍ കരുതി ഇരിക്കണം, കൃത്യമായ അന്വേഷണത്തിലൂടെ നമുക്ക് കുറ്റവാളികളെ കണ്ടെത്താന്‍ എളുപ്പമാണെന്നും” അദ്ദേഹം പറഞ്ഞു.

വിവിധ തലത്തിലുള്ള തട്ടിപ്പുകള്‍ ലോകത്ത് നടക്കുന്നുണ്ട്, അതില്‍ ഇന്റര്‍നെറ്റിലൂടെയുള്ള തട്ടിപ്പുകള്‍ നമ്മള്‍ വിചാരിക്കുന്നതിലും അപ്പുറമാണ്. ലോകത്തില്‍ ഓരോ നിമിഷവും സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ച് വരികയാണ്. അതിന് കരുതിയിരിക്കുകയേ വഴിയുള്ളൂ. അതിനാല്‍ തട്ടിപ്പ് നടന്ന ശേഷം ദുഖിക്കാതെ ഇത്തരം തട്ടിപ്പുകള്‍ മനസിലാക്കാന്‍ ഇത്തരത്തിലുള്ള കോണ്‍ഫറന്‍സുകള്‍ വിദ്യാര്‍ത്ഥികളും മുതിര്‍ന്നവരും പ്രയോചനപ്പെടുത്തണമെന്ന് കിഡ് ഗ്ലൗവ് ഉദ്ഘാടനം ചെയ്തു കൊണ്ട് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറേ ഐപിഎസ് അഭിപ്രായപ്പെട്ടു.

കിഡ് ഗ്ലൗവില്‍ ബിള്‍ഡിംഗ് എ കള്‍ച്ചറള്‍ ഫോര്‍ റെസ്പണ്‍സിബിള്‍ യൂസേജ് ഓഫ് ഇന്റര്‍നെറ്റ് ആന്‍ഡ് മൊബൈല്‍ എന്ന വിഷയത്തില്‍ നഗരത്തിലെ വിവിധ സ്‌കൂളുകളിലെ പ്രിന്‍സിപ്പള്‍മാരായ ഗായത്രി ഗോവിന്ദ് ( ശങ്കര സ്‌കൂള്‍), ലിസി ചാലക്കല്‍( ഔവര്‍ ലേഡി സ്‌കൂള്‍), മിനി വര്‍ഗീസ് ( സീക്രഡ് ഹേര്‍ട്ട് സ്‌കൂള്‍, തേവര), ശ്രീകുമാര്‍ കര്‍ത്ത ( ഗ്ലോബല്‍ പബ്ലിക് സ്‌കൂള്‍), മായ ജേക്കബ് തുടങ്ങിയവര്‍ പാനല്‍ ചര്‍ച്ചയും നടത്തി. ഇസ്ര ഭാരവാഹികളായ തോമസ് കുര്യന്‍, സീമാ മനു, ജോബി തുടങ്ങിയവര്‍ യോഗത്തില്‍ സംസാരിച്ചു.

Top