ലേബർ സഹകരണ സംഘങ്ങളെപ്പറ്റി തലസ്ഥാനത്ത് സെമിനാറും ശില്പശാലയും

തിരുവനന്തപുരം: സംസ്ഥാനത്ത് നിര്‍മ്മാണമേഖലയില്‍ നിലനില്ക്കുന്ന പ്രശ്‌നങ്ങളും അവയ്ക്കു നല്ലയളവു പരിഹാരം ആകാന്‍ കഴിയുന്ന ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റികള്‍ നേരിടുന്ന ബുദ്ധിമുട്ടുകളും ചര്‍ച്ചചെയ്യാനും പരിഹാര നിര്‍ദ്ദേശങ്ങള്‍ കണ്ടെത്താനുമായി ഏകദിന സെമിനാറും ദ്വിദിനശില്പശാലയും സംഘടിപ്പിക്കുന്നു. കേരള ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷന്‍   ആണു പരിപാടി സംഘടിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 14-നു തിരുവനന്തപുരത്ത് സഹകരണഭവനിലാണു സെമിനാര്‍. ‘കേരളവികസനത്തില്‍ ലേബര്‍ സഹകരണസംഘങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള സെമിനാര്‍ സഹകരണ-രജിസ്‌ട്രേഷന്‍-സാംസ്‌ക്കാരികമന്ത്രി വി. എന്‍. വാസവന്‍ രാവിലെ 10 30-ന് ഉദ്ഘാടനം ചെയ്യും. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യാതിഥിയാകുന്ന വേദിയില്‍ മുന്‍ധനമന്ത്രി ഡോ. റ്റി. എം. തോമസ് ഐസക്ക് വിഷയം അവതരിപ്പിക്കും. സഹകരണസെക്രട്ടറി മിനി ആന്റണി അദ്ധ്യക്ഷയാകും. വെല്‍ഫെയര്‍ അസോസിയേഷന്റെ വെബ്സൈറ്റ് സഹകരണസംഘം രജിസ്ട്രാര്‍ അലക്‌സ് വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്യും. ലേബര്‍ ഫെഡ് ചെയര്‍മാന്‍ ജോസ് പാറപ്പുറം, ഊരാളുങ്കല്‍ ലേബര്‍ സഹകരണസംഘം ചെയര്‍മാന്‍ രമേശന്‍ പാലേരി, നാഷണല്‍ ലേബര്‍ ഫെഡറേഷന്‍ ഡയറക്റ്റര്‍ റ്റി. കെ. കിഷോര്‍ കുമാര്‍ എന്നിവര്‍ സംസാരിക്കും.

സെപ്റ്റംബര്‍ 15-നും 16-നും മുടവന്‍മുകളിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റി(ഐസിഎം)ലാണു ശില്പശാലകള്‍. 15-നു രാവിലെ 9-ന് ‘പൊതുമരാമത്തുപ്രവൃത്തികളില്‍ ലേബര്‍ സംഘങ്ങളുടെ പങ്ക്’ എന്ന വിഷയത്തിലുള്ള ശില്പശാല ഐസിഎം ഡയറക്റ്റര്‍ ആര്‍. കെ. മേനോന്റെ അദ്ധ്യക്ഷതയില്‍ പൊതുമരാമത്തുവകുപ്പു സെക്രട്ടറി അജിത് കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയ സഹകരണ വികസന കോര്‍പ്പറേഷന്‍ മേഖലാ ഡയറക്റ്റര്‍ ടെഹെദുര്‍ റഹമാന്‍ വിഷയം അവതരിപ്പിക്കും.

ഗുണാത്മകമായ മാറ്റങ്ങളും മെച്ചപ്പെടലുകലും സാദ്ധ്യമാക്കാനും അവ ഇന്നു നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം തേടാനും കൂട്ടായി പരിശ്രമിക്കാന്‍ സംസ്ഥാനത്തെ തൊഴിലാളിസഹകരണസംഘങ്ങള്‍ ചേര്‍ന്നു രൂപം നല്കിയ വേദിയാണ് ‘കേരള ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് വെല്‍ഫെയര്‍ അസോസിയേഷന്‍’. ഇവ ഉള്‍പ്പെടെയുള്ള കാലികപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് അസോസിയേഷന്‍ സെപ്റ്റംബര്‍ 14-നു തിരുവനന്തപുരത്ത് സഹകരണഭവനില്‍ സെമിനാറും 15-നും 16-നും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റില്‍ ശില്പശാലയും സംഘടിപ്പിക്കുന്നത്. കേരളവികസനത്തില്‍ ലേബര്‍ സഹകരണസംഘങ്ങളുടെ പങ്ക്, പൊതുമരാമത്തുപ്രവൃത്തികളില്‍ ലേബര്‍ സംഘങ്ങളുടെ പങ്ക്, തദ്ദേശസ്വയംഭരണ നിര്‍മ്മാണപ്രവൃത്തികളില്‍ ലേബര്‍ സംഘങ്ങളുടെ പങ്ക് എന്നീ ശീര്‍ഷകങ്ങളിലാണ് മേല്പറഞ്ഞ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്

 

Top