കോഴിക്കോട് ജില്ലയിൽ ഇന്ന് സെമി ലോക്ക് ഡൗൺ

കോഴിക്കോട്: ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് ജില്ലാഭരണകൂടം. ഞായറാഴ്ചകളിൽ ജില്ലയിൽ ആൾക്കൂട്ടത്തിനും കടകൾ തുറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. രോഗികൾ കൂടുമ്പോഴും ടെസ്റ്റ് നടത്തുന്നതിനും വാക്സീൻ വിതരണത്തിനും ജില്ല പൂർണ സജ്ജമാണെന്ന് ജില്ലാകളക്ടർ സാംബശിവ റാവു പറഞ്ഞു.

ലോക്ക് ഡൌണിനോളം കടുപ്പമില്ലെങ്കിലും ഒരു പാതി ലോക്ക് ഡൌണിനോളം ശക്തമായ നിയന്ത്രണങ്ങളാവും ഇനിയുള്ള ഞായറാഴ്ചകളിൽ കോഴിക്കോട് ജില്ലയിലുണ്ടാവുക. പൊതുജനങ്ങൾ അത്യാവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കളക്ടറുടെ ഉത്തരവിൽ പറയുന്നുണ്ട്. അഞ്ച്പേരിൽ കൂടുതൽ കൂട്ടം കൂടരുത്. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ 7 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. ആരോഗ്യമേഖലയിൽപ്പെട്ട സ്ഥാപനങ്ങൾ പ്രവർത്തിക്കും. ബീച്ച്,പാർക്ക് തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല. പൊതുഗതാഗതം സാധാരണനിലയിൽ പ്രവർത്തിക്കും.

ഇന്ന് മാത്രം കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 5000 പേരെ പരിശോധിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് അഞ്ചിടത്ത് മെഗാ വാക്സിനേഷൻ ക്യാംപുകൾ നടക്കുന്നുണ്ട്.

Top