ഇനി വെറും നാല് മണിക്കൂര്‍ ; സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം: നാല് മണിക്കൂര്‍കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ട് എത്തിച്ചേരുന്ന സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയുടെ അലൈന്‍മെന്റിന് അംഗീകാരമായി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. തിരുവനന്തപുരത്ത് കൊച്ചുവേളിയില്‍ നിന്നാണ് ഹൈസ്പീഡ് സര്‍വീസ് ആരംഭിക്കുക.

തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലുള്ളതില്‍ നിന്ന് മാറി പുതിയ ലൈന്‍ നിര്‍മ്മിക്കേണ്ടി വരും. തിരൂര്‍ മുതല്‍ കാസര്‍കോഡ് വരെ നിലവിലെ ലൈന് സമാന്തരമായി പുതിയ ലൈന്‍ സ്ഥാപിക്കും.

തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, തൃശൂര്‍, വളാഞ്ചേരി/തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാവും സ്‌റ്റേഷനുകള്‍. ഫ്രഞ്ച് കണ്‍സള്‍ട്ടന്‍സി കമ്പനിയായ സിസ്ട്രയാണ് ഇതിനായി സാധ്യതാ പഠനം നടത്തുന്നത്. ഹൈസ്പീഡ് റെയില്‍ പദ്ധതിക്ക് മന്ത്രിസഭ ഉടന്‍ അംഗീകാരം നല്‍കും. കൊച്ചുവേളിയില്‍ ഇതിനായി പുതിയ റെയില്‍വേസ്റ്റേഷന്‍ സമുച്ചയം നിര്‍മ്മിക്കും. മെഡിസിറ്റി ആശുപത്രിയുടെ പിറകിലായി കൊല്ലത്ത് പുതിയ സ്റ്റേഷന്‍ വരും.

27 കോടി രൂപക്കാണ് പാരീസ് ആസ്ഥാനമായുളള സിസ്റ്റ്രാ എന്ന കമ്പനിക്ക് കരാര്‍ നല്‍കിയിട്ടുളളത്. സെമി ഹൈ സ്പീഡ് ട്രെയിന്‍ ആയതിനാല്‍ പാളങ്ങളില്‍ വളവുകളും തിരുവുകളും പാടില്ല. 575 കിലോമീറ്റര്‍ നീളത്തിലാണ് പാത നിര്‍മ്മിക്കേണ്ടത്. മണിക്കൂറില്‍ 160 മുതല്‍ 180 വരെ കിലോ മീറ്റര്‍ വേഗത്തിലാണ് ട്രെയിന്‍ സഞ്ചരിക്കുന്നത്.

Top