സെല്‍വ രാഘവന്‍ ചിത്രം ആയിരത്തില്‍ ഒരുവന്‍ രണ്ടാം ഭാഗം വരുന്നു

കാര്‍ത്തി, ആന്‍ഡ്രിയ, പാര്‍ഥിപന്‍, റീമ സെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2010 ല്‍ സെല്‍വരാഘവന്‍ സംവിധാനം ചെയ്ത ചിത്രമാണ് ആയിരത്തില്‍ ഒരുവന്‍. ചോളസാമ്രാജ്യത്തിന്റെ ചരിത്രത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്.

ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു അഭിമുഖത്തില്‍ പാര്‍ഥിപനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.സെല്‍വരാഘവന്‍ തന്നോട് ചിത്രത്തെക്കുറിച്ച് സംസാരിച്ചുവെന്ന് പാര്‍ഥിപന്‍ പറയുന്നു. എല്ലാം സൂര്യ-സെല്‍വരാഘവന്‍ ചിത്രം എന്‍.ജി.കെയുടെ വിജയത്തെ ആശ്രയിച്ചിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏറെ പ്രതിസന്ധികള്‍ തരണം ചെയ്താണ് ആയിരത്തില്‍ ഒരുവന്‍ സെല്‍വരാഘവന്‍ പൂര്‍ത്തിയാക്കിയത്. 2007 ജൂലൈയില്‍ ചിത്രീകരണം ആരംഭിച്ചുവെങ്കിലും വിവിധ കാരണങ്ങളാല്‍ ചിത്രത്തിന്റെ നിര്‍മ്മാണം തടസ്സപ്പെട്ടു. ചിത്രീകരണം പൂര്‍ത്തിയായപ്പോള്‍ 181 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരുന്ന ചിത്രം തുടര്‍ന്ന് ചില രംഗങ്ങള്‍ ഒഴിവാക്കിയതിനാല്‍ 153 മിനിറ്റ് ദൈര്‍ഘ്യത്തോടെയാണ് പ്രദര്‍ശനത്തിന് എത്തിയത്. തിയേറ്ററുകളില്‍ ആയിരത്തില്‍ ഒരുവന്‍ വിജയമായിരുന്നു.

സൂര്യ നായകനായ എന്‍ജികെയാണ് സെല്‍വരാഘവന്റെ പുതിയ ചിത്രം. ചിത്രം ഇന്ന് പ്രദര്‍ശനത്തിന് എത്തി. ഈ പൊളിറ്റിക്കല്‍ ത്രില്ലറില്‍ സായ് പല്ലവി, രാകുല്‍ പ്രീത് സിംഗ് എന്നിവരാണ് മറ്റു താരങ്ങള്‍.

Top