വിദ്യാര്‍ത്ഥികളെ പാട്ടിലാക്കി കഞ്ചാവ് വില്‍പന; കൊലപാതക കേസ് പ്രതി പിടിയില്‍

തൃശൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്ന് എത്തിച്ചു നല്‍കുന്ന കൊലപാതക കേസ് പ്രതിയേയും കൂട്ടാളിയേയും പൊലീസ് അറസ്റ്റ് ചെയ്തു. മുറ്റിച്ചൂര്‍ സ്വദേശികളായ ഹിരത്ത്, ഹാരിസ് എന്നിവരാണ് പൊലീസ് പിടിയിലായത്. റൂറല്‍ എസ്പിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സ്‌ക്വാഡാണ് ഇവരെ പിടികൂടിയത്.

ഹിരത്ത് നിരവധി വധശ്രമ കേസുകളിലും കഞ്ചാവു കേസിലും പ്രതിയാണ്.ഇയാള്‍ക്കെതിരെ അന്തിക്കാട് വാടാനപ്പിള്ളി സ്റ്റേഷനുകളിലായി നിരവധി കേസുകളാണ് നിലവുലുള്ളത്.

തമിഴ്നാട്ടില്‍ നിന്നാണ് സംഘം കഞ്ചാവ് എത്തിക്കുന്നത്. വിജനമായി സ്ഥലത്ത് വെച്ച് അഞ്ഞൂറ്, ആയിരം രൂപയുടെ ചെറു പായ്ക്കറ്റുകളിലാക്കിയാണ് ഇവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് കൊമാറുന്നത്. പരീക്ഷ കാലമായതിനാല്‍ ഓര്‍മ്മശക്തി കൂടുമെന്നും, ബുദ്ധി വര്‍ദ്ധിക്കുമെന്ന് പ്രചരിപ്പിച്ചാണ് ലഹരി മാഫിയകള്‍ വിദ്യാര്‍ത്ഥികളെ പാട്ടിലാക്കുന്നത്. ഇത്തരത്തില്‍ മയക്കുമരുന്നിന് അടിമകളായി മാനസിക തകരാറിലാകുന്ന യുവാക്കളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ലഹരി വേട്ടയ്ക്കായി വിവിധ സ്റ്റേഷനുകളിലെ പൊലീസുകാരെ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് റൂറല്‍ എസ്.പി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചത്.

Top