കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി കുട്ടികളെ വിറ്റു; മൂന്ന് പേര്‍ പിടിയില്‍

ചെന്നൈ: കൊവിഡ് ബാധിച്ച് മരിച്ചെന്ന് വ്യാജരേഖയുണ്ടാക്കി തമിഴ്‌നാട്ടിലെ സന്നദ്ധസംഘടന കുട്ടികളെ വില്‍പ്പന നടത്തിയതായി കണ്ടത്തല്‍. ശ്മശാന രേഖയില്‍ തട്ടിപ്പ് നടത്തിയായിരുന്നു ലക്ഷങ്ങള്‍ വാങ്ങി വില്‍പ്പന. ഒന്നും രണ്ടും വയസ്സുള്ള കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. മധുരൈ ആസ്ഥാനമായുള്ള ഇദയം ട്രസ്റ്റിന്റെ ഭാരവാഹികളില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റാണ് പിന്നില്ലെന്ന് മധുരൈ എസ് പി വ്യക്തമാക്കി.

അനാഥരായ കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് പ്രവര്‍ത്തിക്കുന്നെന്ന് അവകാശപ്പെടുന്ന ഇദയം ട്രസ്റ്റിലാണ് വന്‍ തട്ടിപ്പ്. നിരവധി കുട്ടികളാണ് ട്രസ്റ്റിന്റെ സംരക്ഷണയില്‍ കഴിയുന്നത്. എന്നാല്‍ മൂന്ന് ദിവസം മുമ്പ് സന്നദ്ധസംഘടനയുടെ സംരക്ഷണയിലുള്ള രണ്ട് കുട്ടികള്‍ മരിച്ചതായി ഭാരാവാഹികള്‍ മാധ്യമങ്ങളെ അറിയിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ഒരു വയസ്സുള്ള ആണ്‍കുട്ടിയും രണ്ട് വയസ്സുള്ള പെണ്‍കുട്ടിയും കൊവിഡ് ബാധിച്ച് മരിച്ചെന്നും മധുരയിലെ ശമ്ശാനത്തില്‍ സംസ്‌കരിച്ചെന്നുമായിരുന്നു അറിയിപ്പ്. രാജാജി സര്‍ക്കാര്‍ അശുപത്രിയില്‍ ചികിത്സയിലായിരുന്നു എന്നായിരുന്നു ഇവരുടെ അവകാശവാദം.

ആശുപത്രി അധികൃതര്‍ വിവരം നിഷേധിച്ചതോടെയാണ് പൊലീസ് വിശദ അന്വേഷണം തുടങ്ങിയത്. പരിശോധനയില്‍ മധുരയിലെ ശമ്ശാനത്തിലെ രേഖകളില്‍ തിരിമറി നടന്നതായി കണ്ടെത്തി. 75വയസ്സുള്ള സ്ത്രീയുടേയും 68 വയസ്സുള്ള മധുര സ്വദേശിയുടെയും സംസ്‌കാര രേഖകളിലാണ് പേരുമാറ്റി കുട്ടികളുടെ പേര് ചേര്‍ത്തത്. ശമ്ശാനത്തിലെ ജീവനക്കാരുടെ സഹോയത്തോടെയായിരുന്നു ഇത്. ഒരു വയസ്സുള്ള കുട്ടിയെ മധുരയിലെ തന്നെ സ്വര്‍ണ്ണവ്യാപാരിയായ കണ്ണന്‍ ഭവാനി ദമ്പതികള്‍ക്ക് വില്‍ക്കുകയായിരുന്നു. വന്‍ തുക സംഭാവനയായി എഴുതി വാങ്ങിയാണ് കുട്ടിയെ നല്‍കിയത്. രണ്ട് വയസ്സുള്ള പെണ്‍കുട്ടിയെ ഉത്തരേന്ത്യന്‍ ദമ്പതികള്‍ക്കാണ് നല്‍കിയത്.

രണ്ട് കുട്ടികളെയും ശിശുസംരക്ഷണ സമിതി ഏറ്റെടുത്തു. ട്രസ്റ്റിന്റെ കീഴിലുള്ള കൂടുല്‍ കുട്ടികളെ സമാന രീതിയില്‍ വില്‍പ്പന നടത്തിയോ എന്ന് പരിശോധിക്കുകയാണ്. ഇദയം ട്രസ്റ്റിന്റെ ഓഫീസുകളില്‍ പൊലീസ് റെയ്ഡ് തുടരുകയാണ്. അന്താരാഷ്ട്ര ബന്ധമുള്ള റാക്കറ്റാണ് പിന്നില്ലെന്നും ട്രസ്റ്റിന്റെ വിദേശസംഭവാനകള്‍ പരിശോധിക്കുകയാണെന്നും മധുര എസ് പി അറിയിച്ചു. ഇദയം ട്രസ്റ്റിന്റെ പ്രധാന ഭാരവാഹി ശിവകുമാര്‍ ഒളിവിലാണ്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു.മധുര ജില്ലാ കളക്ടറില്‍ നിന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി.

 

Top