കാമുകനൊപ്പം കഞ്ചാവ് വില്‍പ്പന; യുവതി പൊലീസ് പിടിയിൽ

ബെംഗളൂരു: കാമുകനൊപ്പം കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി അറസ്റ്റില്‍. ആന്ധ്രപ്രദേശ് സ്വദേശിനി രേണുകയാണ് അറസ്റ്റിലായത്. ഇവരുടെ കാമുകന്‍ സിദ്ധാര്‍ഥിന് വേണ്ടിയും കഞ്ചാവ് എത്തിച്ച് നല്‍കുന്ന ബിഹാര്‍ സ്വദേശി സുധാന്‍ഷുവിന് വേണ്ടിയുമുള്ള അന്വേഷണം പൊലീസ് ആരംഭിച്ചു.

ആന്ധ്രാ സ്വദേശികളായ ഇരുവരും ചെന്നൈയിലെ എഞ്ചിനീയറിങ് പഠനത്തിന് ശേഷമാണ് ഉപരിപഠനത്തിനായി ബെംഗളൂരുവില്‍ എത്തിയത്. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ബെംഗളൂരുവിലെ മറാത്തല്ലിയില്‍ വീട് വാടകയ്ക്കെടുക്കയും കഞ്ചാവ് വില്‍പ്പനയില്‍ ഏര്‍പ്പെടുകയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ബെംഗളൂരുവിലെ സദാശിവനഗറില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതിനിടെയാണ് സബ് ഇന്‍സ്പെക്ടര്‍ അനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രേണുകയെ അറസ്റ്റ് ചെയ്തത്.

ഒഡീഷ, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞ നിരക്കിലാണ് പ്രതികള്‍ കഞ്ചാവ് എത്തിച്ചിരുന്നത്.50 ഗ്രാം കഞ്ചാവിന് 1000 മുതല്‍ 2000 രൂപവരെയാണ് ഈടാക്കിയിരുന്നത്. സംഭവത്തില്‍ ഒളിവില്‍ പോയ പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.

 

Top