ശൗചാലയങ്ങള്‍ പണിയാന്‍ പൈസയില്ലെങ്കില്‍ ഭാര്യയെ വിറ്റു കളഞ്ഞേക്കു ; പ്രസംഗം വിവാദത്തില്‍

പാട്‌ന: ശൗചാലയങ്ങള്‍ പണിത് നല്‍കാന്‍ കഴിയാത്ത ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ വിറ്റു കളഞ്ഞേക്കു എന്ന് പ്രസംഗിച്ച് ബിഹാര്‍ മജിസ്‌ട്രേറ്റ് വിവാദത്തില്‍.

ബീഹാറിലെ ഔറംഗാബാദ് ജില്ലാ മജിസ്‌ട്രേറ്റ് കന്‍വാല്‍ തനൂജാണ് വിവാദ പ്രസംഗം നടത്തിയത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ് ഭാരത് കാമ്പയിനിന്റെ പ്രചരണാര്‍ഥം സംസാരിക്കുകയായിരുന്നു മജിസ്‌ട്രേറ്റ്. പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജനത്തിനെതിരെ സംസാരിക്കവെ അദ്ദേഹം സ്ത്രീകളുടെ അന്തസ്സിനെയും ടോയിലറ്റിനെയും ബന്ധിപ്പിച്ചു സംസാരിച്ചു.

12000ത്തില്‍ താഴെയാണ് സ്വന്തം ഭാര്യമാരുടെ മൂല്യം എന്ന് കരുതുന്നതവരോട് കൈ പൊക്കാനാണ് ആദ്യം ഇദ്ദേഹം സദസ്സിലുള്ളവരോട് ആവശ്യപ്പെട്ടത്.

ഭാര്യയ്ക്ക് 12000 രൂപ പോലും വില കല്‍പിക്കാത്ത ഒരു പാവപ്പെട്ടവനും ഇക്കൂട്ടത്തിലുണ്ടാവില്ല എന്ന് ഉദ്ദേശിച്ചാവണം ശൗചാലയങ്ങള്‍ പണിയുന്നതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹം ശ്രമിച്ചത്.

ടോയ്‌ലറ്റ് പണിയാനുള്ള പണം തെന്റ കൈയിലില്ലെന്ന് ജനക്കൂട്ടത്തില്‍ നിന്ന് ഒരു ഗ്രാമീണന്‍ പറഞ്ഞു. അതു കേട്ടതോടെ തനൂജ് അസ്വസ്ഥനായി. നിങ്ങളുെട മനോഭാവം അതാണെങ്കില്‍ പിന്നെ ഭാര്യയെ ലേലത്തില്‍ വിറ്റു കളയൂവെന്ന് അദ്ദേഹം മൈക്കിലൂടെ വിളിച്ചു പറയുകയായിരുന്നു.

ഇദ്ദേഹത്തിന്റെ വിവാദ പരാമര്‍ശം അടങ്ങുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

എന്നാല്‍, തന്റെ പ്രസംഗത്തിലെ ചെറിയൊരു ഭാഗം എടുത്തു തെറ്റായി ചിത്രീകരിക്കുകയാണെന്നാണു തനൂജ് നല്‍കുന്ന വിശദീകരണം.

തനൂജിെന്റ പ്രസംഗത്തിനെതിരെ സമാജ്‌വാദി പാര്‍ട്ടി രംഗത്തു വന്നിട്ടുണ്ട്.

ബിഹാറില്‍ ആറു ശതമാനം ഗ്രാമങ്ങള്‍ മാത്രമേ പൊതുസ്ഥലത്തെ മലമൂത്രവിസര്‍ജനത്തില്‍നിന്നു മുക്തമായിട്ടുള്ളൂ. ഒരു ജില്ലപോലും പൂര്‍ണമായും മുക്തമായിട്ടില്ല.പൊതു സ്ഥലത്തെ മല മൂത്ര വിസര്‍ജ്ജനത്തിന് അറുതി വരുത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഒരു കുടുംബത്തിന് 12000 രൂപയുടെ സഹായം നല്‍കുന്നുണ്ട്.

.

Top