പ്രതിവര്‍ഷം ശരാശരി 43 പേര്‍ സെല്‍ഫി എടുത്ത്‌ മരിക്കുന്നതായി പഠന റിപ്പോര്‍ട്ട്!

വാഷിംഗ്ടണ്‍: അപകടകരമായ മേഖലകളില്‍ നിന്ന് സെല്‍ഫിയെടുക്കുന്നതിനിടെ മരണപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. 2011 മുതലുള്ള കണക്കു പ്രകാരം 43 പേരാണ് ഇത്തരത്തില്‍ ഒരു വര്‍ഷം മരിക്കുന്നത്. മരണപ്പെടുന്ന പത്ത് പേരില്‍ ഏഴും പുരുഷന്മാരാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആകെ മരണസംഖ്യയുടെ പകുതിയും 20 മുതല്‍ 29 വരെ വയസ്സു പ്രായമുള്ളവരാണ്. ഇത്രയധികം മാരകമായി സെല്‍ഫി ഭ്രമം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും സെല്‍ഫി നിരോധന മേഖലകള്‍ പ്രഖ്യാപിക്കുന്നതില്‍ ലോകരാജ്യങ്ങള്‍ വലിയ പരാജയമാണ് നേരിടുന്നത്.

വിവിധ ഇടങ്ങളില്‍ സെല്‍ഫി നിരോധിച്ചു എന്ന ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ശാസ്ത്രജ്ഞരും അഭിപ്രായപ്പെടുന്നുണ്ട്. എങ്കില്‍ മരണ നിരക്ക് ഒരു പരിധി വരെ കുറയ്ക്കാമെന്നാണ് വിദഗ്ധാഭിപ്രായം.

ഇന്ത്യയില്‍ വളരെ പ്രധാനപ്പെട്ട ചില വിനോദ സഞ്ചാര മേഖലകളിലെല്ലാം സെല്‍ഫി നിരോധന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിരന്തരമായ സെല്‍ഫി മരണങ്ങള്‍ നടക്കുന്ന സാഹചര്യത്തിലാണിത്.

സെല്‍ഫികള്‍ മനുഷ്യര്‍ക്ക് ദോഷകരമല്ലെങ്കിലും അതെടുക്കാന്‍ നമ്മള്‍ കാണിക്കുന്ന മനോഭാവം വളരെയധികം ദോഷകരമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സന്‍സിലെ ഡോ. ആഗം ബന്‍സാല്‍ വ്യക്തമാക്കി. അപകടകരമായ മേഖലകളിലെ അഭ്യാസങ്ങള്‍ക്ക് വിദ്യാഭ്യാസമുള്ളവരും ഇല്ലാത്തവരും എല്ലാം ഒരു പോലെ തന്നെയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജലാശയങ്ങളുടെ സമീപവവും വലിയ മലനിരകളും ഉയര്‍ന്ന കെട്ടിടങ്ങളുമെല്ലാം സെല്‍ഫി നിരോധിത മേഖലകളായി പ്രഖ്യാപിക്കണം.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സെല്‍ഫി അപകടങ്ങളുടെ റിപ്പോര്‍ട്ടുകള്‍ സമയം, സ്വഭാവം, പ്രായം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനത്തിന് വിധേയമാക്കിയത്.

2011 മുതല്‍ 2017 വരെ നടന്ന 259 ആളുകളുടെ മരണ വിവരങ്ങള്‍ പ്രത്യേകം ശേഖരിച്ചു വച്ചിട്ടുണ്ട്. ഇതില്‍ തന്നെ 70 മുങ്ങി മരണങ്ങള്‍, 48 വീഴ്ചകള്‍ എന്നിവ മണത്തിന് കാരണമായിട്ടുണ്ട്.

Top