self medical management issue-udf strike-Opposition leader -trap- Vigilance

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധനവിനെതിരെ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭത്തോട് മുഖ്യമന്ത്രി പിണറായി എടുക്കുന്ന സമീപനത്തില്‍ സമരക്കാര്‍ക്കും സ്വാശ്രയ മാനേജ്‌മെന്റുകള്‍ക്കും ആശങ്ക.

മറ്റ് നേതാക്കളില്‍ നിന്നും വ്യത്യസ്തമായി പറഞ്ഞ വാക്കിലും ചെയ്ത പ്രവര്‍ത്തിയിലും ഉറച്ച് നില്‍ക്കുന്ന പ്രകൃതക്കാരനായ പിണറായി ഏതെങ്കിലും സമരം കണ്ട് പേടിച്ച് നിലപാട് മാറ്റില്ലെന്നാണ് മാനേജ്‌മെന്റുകള്‍ കരുതുന്നത്.

അതുകൊണ്ട് തന്നെയാണ് സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ കൂടുതല്‍ ബലം പിടിക്കാതെ സമവായമുണ്ടാക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയ്യാറായിരുന്നത്.

മറിച്ചാണെങ്കില്‍ സര്‍ക്കാര്‍ പിടിമുറുക്കുമോയെന്ന ഭയം പല സ്വാശ്രയ മെഡിക്കല്‍ കോളേജ് അധികൃതര്‍ക്കുമുണ്ടായിരുന്നു.

നിലവില്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് നടത്തുന്ന മിക്ക മാനേജ്‌മെന്റുകള്‍ക്കും മറ്റ് സ്ഥാപനങ്ങളും ബിസിനസ്സ് സാമ്രാജ്യങ്ങളുമൊക്കെയുണ്ട്.

പിണറായി പിടിക്കാന്‍ തീരുമാനിച്ചാല്‍ പിന്നെ അനുനയിപ്പിക്കാന്‍ സിപിഎമ്മില്‍ പോലും ആരെയും ലഭിക്കില്ല എന്നതും മാനേജ്‌മെന്റുകളെ പിടിവാശിയില്‍ നിന്ന് പിന്നോട്ടടിപ്പിക്കാന്‍ ഒരു പ്രധാന കാരണമായിരുന്നു.

ഏതെങ്കിലും ജാതി-മത സംഘടനകളുടെ പിന്‍തുണ കൊണ്ടല്ല ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് എന്നതിനാല്‍ ഇത്തരം സംഘടനകളെ ഉപയോഗിച്ച് മുന്‍കാലങ്ങളില്‍ സര്‍ക്കാരുകളില്‍ നടത്തിയ സമ്മര്‍ദ്ദങ്ങള്‍ ഇത്തവണ വിലപ്പോവില്ലെന്ന് അവര്‍ക്ക് നന്നായി അറിയാം.

അതേസമയം തലവരിപ്പണം വാങ്ങുന്നതിനെതിരെയും കരാര്‍ ലംഘിക്കുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് സ്വാശ്രയ മാനേജ്‌മെന്റുകളെ ഇപ്പോള്‍ വെട്ടിലാക്കിയിരിക്കുകയാണ്.

പിന്‍വാതിലിലൂടെ വന്‍തുക കോഴ വാങ്ങുന്ന നടപടി രഹസ്യ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ് എന്നതാണ് ‘കച്ചവട’ മാനേജ്‌മെന്റുകളെ പരിഭ്രാന്തരാക്കുന്നത്. ബുധനാഴ്ച വൈകിട്ട് നടത്തിയ പത്രസമ്മേളനത്തില്‍ അംഗീകരിച്ച ഫീസിനുമേല്‍ ഒരുപൈസ പോലും അധികം വാങ്ങാനുള്ള നീക്കം തടയുമെന്നുള്ള മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് നടപടിക്ക് മുന്‍പുള്ള വാണിംഗ് ആയിട്ടാണ് സ്വാശ്രയ മാനേജ്‌മെന്റുകള്‍ കാണുന്നത്.

മറുഭാഗത്ത് യുഡിഎഫ് നേതൃത്വത്തിന്റെ കാര്യവും അത്ര സുഖകരമല്ല.

കൊട്ടിഘോഷിച്ച് തുടങ്ങിയ സ്വാശ്രയ സമരം ഒരു തീരുമാനവുമാവാതെ അവസാനിപ്പിച്ചാല്‍ രാഷ്ട്രീയപരമായും സംഘടനാപരമായും അത് യുഡിഎഫിന് വലിയ തിരിച്ചടിയാകും. കോഴവാങ്ങല്‍ അവസാനിച്ചതില്‍ അസ്വസ്ഥതയുള്ളവര്‍ക്കു വേണ്ടിയാണ് സമരമെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി കോണ്‍ഗ്രസ്സും യൂത്ത് കോണ്‍ഗ്രസ്സും അസ്വസ്ഥരാകുന്നത് എന്തിനാണെന്നാണ് ചോദിച്ചത്.

വിദ്യാര്‍ത്ഥികളുടെ ഭാവി അടിസ്ഥാനമാക്കിയെടുത്ത തീരുമാനം പുന:പരിശോധിക്കുന്ന പ്രശ്‌നമില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു പിണറായിയുടെ പ്രതികരണം. ഈ നിലപാടിപ്പോള്‍ സമരക്കാരുടെ മുന്നോട്ടുള്ള പ്രയാണത്തിന് മുന്നില്‍ വലിയ ചോദ്യചിഹ്നമാണുയര്‍ത്തുന്നത്.

‘ചുവപ്പ് മഷി’ക്കുപ്പിക്ക് മറുപടിയായി യൂത്ത്‌കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസും വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷുമടക്കം നിരവധി പ്രവര്‍ത്തകര്‍ ലൈവായി രക്തം ചിന്തിയ സമരം വിജയം വരിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ്സ്- കെഎസ് യു പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നത്.

മൂന്ന് യുവ എംഎല്‍എമാര്‍ നിയമസഭാ കവാടത്തില്‍ തുടങ്ങിയ നിരാഹാര സമരം വിജയം കാണാതെ അവസാനിപ്പിക്കരുതെന്നാണ് യൂത്തന്മാരുടെ വികാരം.

‘വിരട്ടലൊന്നും നടക്കില്ല പോയി പണിനോക്ക്’ എന്ന് തുറന്നടിച്ച് എടുത്ത തീരുമാനം പിന്‍വലിക്കുന്ന പ്രശ്‌നമില്ലെന്ന് പറഞ്ഞ പിണറായി ഇനി നിലപാട് പുന:പരിശോധിക്കാന്‍ സാധ്യതയില്ലെന്നാണ് അദ്ദേഹത്തെ അറിയുന്ന രാഷ്ട്രീയ പ്രവര്‍ത്തകരും വിശ്വസിക്കുന്നത്.

ഇതു തന്നെയാണ് യുഡിഎഫ് നേതൃത്വത്തിനെയും മുള്‍മുനയില്‍ നിര്‍ത്തുന്നത്.

പിണറായി സര്‍ക്കാരിനെതിരെ ആദ്യം നടത്തിയ സമരം തന്നെ പാളിയാല്‍ അത് പ്രതിപക്ഷത്തിന്റെ കരുത്തിനെ തന്നെ ചോദ്യം ചെയ്യപ്പെടുമെന്നും ഭാവിയില്‍ സര്‍ക്കാരിനെതിരെ നടത്താനിരിക്കുന്ന സമരങ്ങളെ പോലും ബാധിക്കുമെന്നുമാണ് യുഡിഎഫ് നേതൃത്വം ഭയപ്പെടുന്നത്.

സിപിഎം യുവജന-വിദ്യാര്‍ത്ഥി സംഘടകളെ പോലെ തുടര്‍ച്ചയായി പ്രക്ഷോഭം നടത്തി ഭരണകൂടത്തിനെ പ്രതിരോധത്തിലാക്കാനുള്ള സംഘടനാപരമായ ശേഷി യുഡിഎഫ് സംഘടനകള്‍ക്കില്ലെന്നതും യുഡിഎഫ് നേതൃത്വം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളിയാണ്.

മലബാറില്‍ ശക്തമായ സാന്നിധ്യമായ മുസ്ലീംലീഗ് പ്രക്ഷോഭരംഗത്ത് കാര്യമായി രംഗത്തിറങ്ങിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

നിയമസഭയില്‍ അനുഭാവ സത്യാഗ്രഹം ലീഗ് എംഎല്‍എമാര്‍ നടത്തിയെങ്കിലും തെരുവില്‍ പ്രതിഷേധവുമായി ലീഗ് അണികള്‍ സജീവമല്ല.

ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്കും നിരവധി മുന്‍ കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്കുമെതിരെ നടക്കുന്ന വിജിലന്‍സ് അന്വേഷണങ്ങളും പിണറായിക്കെതിരെ കടുത്ത നിലപാടുമായി രംഗത്ത് വരുന്നതില്‍ പ്രതിപക്ഷത്തെ ഒരുവിഭാഗത്തെ പിറകോട്ടടിപ്പിക്കുന്നുണ്ട്.

പൊലീസ് നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ടും ഹരിപ്പാട്ടെ മെഡിക്കല്‍ കോളേജിന് സ്ഥലം ഏറ്റെടുത്തതുമായി ബന്ധപ്പെട്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെയും ഏത് നിമിഷവും വിജിലന്‍സ് അന്വേഷണം വരാനുള്ള സാഹചര്യവും നിലവിലുണ്ട്.

കെ ബാബു, അടൂര്‍ പ്രകാശ്, അനൂപ് ജേക്കബ്, വി എസ് ശിവകുമാര്‍ തുടങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വരെ കഴിഞ്ഞ സര്‍ക്കാരിലെ ഭൂരിപക്ഷം മന്ത്രിമാരും വിജിലന്‍സ് അന്വേഷണത്തിന്റെ മുള്‍മുനയിലാണ്.

ഈ സാഹചര്യത്തില്‍ ഏറ്റുമുട്ടലിന്റെ പാതയില്‍ മുഖ്യമന്ത്രിയെ നേരിട്ടാല്‍ അതിന് യുഡിഎഫ് നേതൃത്വത്തിന് വലിയ വില നല്‍കേണ്ടി വരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്.

Top