self management issue – : Secretariat March- Youth Congress

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ് വര്‍ദ്ധനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം.

കല്ലേറും പൊലീസിന്റെ ജലപീരങ്കി പ്രയോഗവും നടന്നു. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പരുക്കേറ്റു. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സെക്രട്ടേറിയറ്റിന്റെ മെയിന്‍ ഗേറ്റിലാണ് സാധാരണ സമരം നടത്തുന്നത്. എന്നാല്‍, അതില്‍ നിന്ന് വ്യത്യസ്തമായി ട്രഷറിക്കടുത്തുള്ള ഗേറ്റിലേക്ക് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു.

മെയിന്‍ ഗേറ്റിലേക്ക് പ്രകടനം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാല്‍ അവിടെയായിരുന്നു പൊലീസ് സന്നാഹം. നാമമാത്രമായ പൊലീസിന്റെയും സെക്യൂരിറ്റിക്കാരുടേയും ദുര്‍ബലമായ പ്രതിരോധത്തെ മറികടന്ന് ഗേറ്റ് തള്ളിത്തുറന്ന് പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് വളപ്പിലേക്ക് പ്രവേശിച്ചു.

കൂടുതല്‍ പൊലീസെത്തി ഇവരെ ബലമായി പുറത്തിറക്കി. അതിനിടെ പ്രവര്‍ത്തകര്‍ കല്ലേറു തുടങ്ങി. പൊലീസും പ്രവര്‍ത്തകരുമായി ഉന്തും തള്ളുമുണ്ടായതോടെ ഏറെനേരം സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷാന്തരീക്ഷത്തിലായി.

തുടര്‍ന്നാണ് സമരക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

സ്വാശ്രയ മെഡിക്കല്‍ പ്രവേശന ഫീസ് വര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണയ്യന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി .

പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ആര്‍ക്കും പരുക്കില്ല. രാവിലെ 12 മണിയോടെ എറണാകുളം ഡി.സി.സി ഓഫീസില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്.

മാര്‍ച്ച് പൊലീസ് താലൂക്ക് ഓഫീസിനു മുന്നില്‍ ബാരിക്കേഡ് ഉപയോഗിച്ചു തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്.

മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ.ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

Top