പത്തനംതിട്ടയില്‍ കൊവിഡ് രോഗികളുടെ വീട്ടിനു മുന്നില്‍ പ്രത്യേകം നോട്ടീസ് പതിപ്പിക്കും

റാന്നി: പത്തനംതിട്ട ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകള്‍ക്ക് മുന്നില്‍ പ്രത്യേക നോട്ടീസ് പതിക്കാന്‍ ജില്ലാ ഭരണ കൂടത്തിന്റെ തീരുമാനം. നീരീക്ഷണത്തില്‍ കഴിയുന്നവരില്‍ നിന്ന് സത്യവാങ്മൂലം എഴുതി വാങ്ങിക്കാനും തീരുമാനമെടുത്തു. മറ്റു രാജ്യങ്ങളിലെ ആരോഗ്യമേഖലയില്‍ ജോലി ചെയ്ത് തിരികെ വന്നവരില്‍ 274 പേര്‍ പത്തനംതിട്ടയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്.

പുതുതായി ഏഴ് പേരെക്കൂടി പത്തനംതിട്ടയില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതോടെ മൊത്തം 20 പേരാണ് ജില്ലയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. വിദേശത്ത് നിന്നെത്തിയ 4105 പേരും നിരീക്ഷണത്തിലാണ്. ഇവരില്‍ 274 പേര്‍ വിദേശത്ത് ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവരാണ്.

ഐസൊലേഷന്‍ വ്യവസ്ഥകള്‍ ലംഘിച്ച് പുറത്ത് കറങ്ങി നടന്ന 24 പേര്‍ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി താലൂക്ക് അടിസ്ഥനത്തില്‍ ക്യാമ്പുകള്‍ തുറക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ 12 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. ഇവരെയും ആശുപത്രികളിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ലഭിച്ച പത്ത് സാംപിളുകളുടെ പരിശോധനാ റിസള്‍ട്ടും നെഗറ്റീവാണ്.

Top