സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലേക്ക് ഒറ്റ അലോട്ട്‌മെന്റ് മാത്രമെന്ന് കമ്മിഷണര്‍

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്ക് ഒറ്റ അലോട്ട്‌മെന്റ് മാത്രമേ ഉണ്ടാകുവെന്നും പിന്നീട് ഒഴിവുവരുന്ന സീറ്റുകളിലേക്ക് കമ്മിഷണര്‍ നേരിട്ട് സ്‌പോട്ട് അഡ്മിഷന്‍ നടത്താനാണ് തീരുമാനമെന്നും പ്രവേശന പരീക്ഷാ കമ്മിഷണര്‍.

സ്വാശ്രയ കോളേജുകളിലേക്ക് ഒറ്റ അലോട്ട്‌മെന്റ് മാത്രം നടത്തുകയും പിന്നീട് നടക്കുന്ന സ്‌പോട്ട് അഡ്മിഷന്‍ വഴി മാനേജ്‌മെന്റുകള്‍ ക്രമക്കേട് നടത്തിയേക്കുമെന്നുമുള്ള ആരോപണങ്ങളില്‍ വിശദീകരണം നല്‍കുകയായിരുന്നു കമ്മിഷണര്‍.

സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സുതാര്യ പ്രവേശനം ഉറപ്പുവരുത്തുമെന്നും കമ്മിഷണര്‍ അറിയിച്ചു.

മാനേജ്‌മെന്റുമായുള്ള ഒത്തുകളിയാണ് ഒറ്റ അലോട്ട്‌മെന്റു മാത്രമായി ചുരുക്കിയതിന് പിന്നിലെന്ന് പ്രതിപക്ഷം ആരോപണമുന്നയിച്ചിരുന്നു. തുടര്‍ന്ന് ഒരു അലോട്ട്‌മെന്റുകൂടി നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചിരുന്നെങ്കിലും അത് പ്രായോഗികമല്ലെന്ന നിലപാടിലാണ് കമ്മിഷണര്‍.

സര്‍ക്കാര്‍ കോളേജുകളിലേക്ക് മാത്രമായി ആദ്യഘട്ട കൗണ്‍സിലിങ് നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്വാശ്രയ കോളേജുകളെ രണ്ടാംഘട്ട അലോട്ട്‌മെന്റില്‍ പരിഗണിക്കും.

രണ്ടാംഘട്ട കൗണ്‍സലിങ് ഓഗസ്റ്റ് എട്ടിനും 19നും ഇടയിലായിരിക്കും നടത്തുക. ഇതിനു മുന്നോടിയായി സ്വാശ്രയ മെഡിക്കല്‍, ഡെന്റല്‍ കോളേജുകളിലേക്കുള്ള എന്‍.ആര്‍.ഐ., ന്യൂനപക്ഷ കാറ്റഗറി പട്ടിക എന്നിവ പ്രസിദ്ധീകരിക്കും.

സര്‍ക്കാര്‍ നടത്തുന്ന അലോട്ട്‌മെന്റിന് ശേഷമുണ്ടാകുന്ന ഒഴിവുകളുടെ പത്തിരട്ടിവരുന്ന വിദ്യാര്‍ഥികളുടെ പട്ടിക പ്രവേശനപരീക്ഷാ കമ്മിഷണര്‍ മാനേജ്‌മെന്റുകള്‍ക്ക് കൈമാറണം.

സുപ്രീംകോടതി വിധിപ്രകാരം അതില്‍നിന്ന് തങ്ങള്‍ക്ക് പ്രവേശനം നടത്താനാകുമെന്നും വീണ്ടും ഒഴിവുണ്ടെങ്കില്‍ നീറ്റ് യോഗ്യതയുള്ള വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാനാകുമെന്നും അസോസിയേഷന്‍ സെക്രട്ടറി അനില്‍കുമാര്‍ വള്ളില്‍ പറഞ്ഞു.

Top