self financing -medical college- admission-irregularities-James Committee

തിരുവനന്തപുരം:മെഡിക്കല്‍ പ്രവേശനത്തില്‍ വ്യാപകപരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് സ്വാശ്രയമെഡിക്കല്‍ കോളേജുകളില്‍ നിന്നും ജെയിംസ് കമ്മിറ്റി ഇന്ന് നേരിട്ട് തെളിവെടുക്കും. മെറിറ്റ് മറികടന്ന് പ്രവേശനം നടത്തുന്നു എന്ന പരാതിയെ തുടര്‍ന്നാണ് തെളിവെടുപ്പ്.

മെറിറ്റ് മറികടന്ന് സ്വാശ്രയമെഡിക്കല്‍ കോളേജുകള്‍ പ്രവേശനം നടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി അറുന്നൂറോളം പരാതികളാണ് ജെയിംസ് കമ്മിറ്റിക്ക് ലഭിച്ചത്.

പരാതി ഉയര്‍ന്ന കോളേജ് മാനേജ്‌മെന്റുകളോട് നേരിട്ട് ഹാജരാകാന്‍ ജയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പരാതിക്കാരായ വിദ്യാര്‍ത്ഥികളേയും കമ്മിറ്റി വിളിപ്പിച്ചിട്ടുണ്ട്.

നിസാര കാരണങ്ങള്‍ പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ അപേക്ഷ തള്ളുകയും നീറ്റ് റാങ്കില്‍ പുറകില്‍ നില്‍ക്കുന്നവര്‍ക്ക് പ്രവേശനം നല്‍കുകയും ചെയ്യുന്നുവെന്നാണ് പരാതി.

കഴിഞ്ഞ ദിവസം മാനേജ്‌മെന്റുകള്‍ക്ക് അന്ത്യശാസനവുമായി ജെയിംസ് കമ്മിറ്റി രംഗത്തെത്തിയിരുന്നു. മെറിറ്റ് മറികടന്നുള്ള പ്രവേശനം അംഗീകരിക്കില്ലെന്നായിരുന്നു കമ്മിറ്റിയുടെ മുന്നറിയിപ്പ്.

അത്തരത്തില്‍ പ്രവേശനം ലഭിക്കുന്ന അനര്‍ഹരുടെ പ്രവേശനം റദ്ദാക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഈ ഉത്തരവ് കര്‍ശനമായി പാലിക്കാന്‍ തെളിവെടുപ്പിലും ജെയിംസ് കമ്മിറ്റി നിര്‍ദ്ദേശിച്ചു.

Top