self-financing-fee-hike-udf-niyamasabha-Stopped

തിരുവനന്തപുരം : സ്വാശ്രയ പ്രശ്‌നത്തില്‍ പ്രതിപക്ഷ ബഹളം കാരണം സഭാ നടപടികള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ച്ചയായി സഭ തടസ്സപ്പെടുത്തുന്നതു ശരിയല്ലെന്നു സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

തനിക്കെതിരെയുള്ള തുടര്‍ച്ചയായ വിമര്‍ശനം ആശാസ്യമല്ലെന്ന് സ്പീക്കര്‍ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തലയ്ക്കു മുന്നറിയിപ്പു നല്‍കി.

അതിനിടെ, നിയമസഭാ നടപടികള്‍ തടസം കൂടാതെ മുന്നോട്ടു കൊണ്ടുപോകാന്‍ സ്പീക്കറുടെ ഭാഗത്തുനിന്നു സമവായ ശ്രമങ്ങള്‍ തുടരുകയാണ്. കക്ഷിനേതാക്കളുമായി സ്പീക്കര്‍ ചര്‍ച്ച നടത്തുന്നുണ്ട്. പ്രതിപക്ഷവുമായുള്ള രണ്ടാം വട്ട ചര്‍ച്ച ഉടനുണ്ടാകും. പരിയാരം മെഡിക്കല്‍ കോളജിലെ പ്രവേശനകാര്യത്തിലെങ്കിലും തീരുമാനം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.

അതേസമയം, വോക്കൗട്ട് പ്രഖ്യാപിച്ച് കെ.എം.മാണിയും പാര്‍ട്ടി എംഎല്‍എമാരും സഭ വിട്ടു പോയി. സ്വാശ്രയ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷാംഗങ്ങള്‍ ഇന്നും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.

വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ വീണ്ടും അടിയന്തരപ്രമേയത്തിനു നോട്ടീസ് നല്‍കി. ഫീസ് വര്‍ധന പിന്‍വലിക്കാത്തതു ചര്‍ച്ച ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുന്നുവെന്നും ചര്‍ച്ചയെ ഭയപ്പെടുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. തന്നെ കരിങ്കൊടി കാണിച്ചവര്‍, ചാനലുകള്‍ വാടകയ്‌ക്കെടുത്തവരാണെന്ന പ്രസ്താവന മുഖ്യമന്ത്രി വിശദീകരിക്കണമെന്നും ആവശ്യമുയര്‍ന്നു.

കറുത്ത ബാഡ്ജ് ധരിച്ചാണ് യുഡിഎഫ് എംഎല്‍എമാര്‍ സഭയില്‍ ഹാജരായത്. ചോദ്യോത്തര വേള പ്രതിപക്ഷം ബഹിഷ്‌കരിച്ചു. ബാനറുകളും പ്ലക്കാര്‍ഡുകളുമായാണു എംഎല്‍എമാര്‍ സഭയിലെത്തിയത്.

പ്രശ്‌നം പരിഹരിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രതിപക്ഷം അറിയിച്ചു.അതേസമയം, സ്വാശ്രയനയം സുപ്രീം കോടതി സാധൂകരിച്ചതാണെന്നും പിന്നെ എന്തിനാണ് നിരാഹാര സമരമെന്നും ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ടീച്ചര്‍ ചോദിച്ചു.

നിയമസഭയില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം തുടരുകയാണ്. എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍, അനൂപ് ജേക്കബ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. മുസ്‌ലിം ലീഗിന്റെ എംഎല്‍എമാരായ എന്‍.ഷംസുദ്ദീന്‍, കെ.എം.ഷാജി എന്നിവര്‍ സത്യഗ്രഹം നടത്തുന്നുണ്ട്.

വിഷയം ചര്‍ച്ച ചെയ്യാന്‍ യുഡിഎഫിന്റെ അടിയന്തരയോഗം ഇന്നു വൈകുന്നേരം കന്റോണ്‍മെന്റ് ഹൗസില്‍ ചേരും. സുപ്രീം കോടതിയുടെ വിധിയുടെ പശ്ചാത്തലത്തിലാണ് യോഗം. വിധിയുടെ വിശദാംശങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും.

Top