‘പാര്‍ട്ടിയിലെ സ്വയം വിമര്‍ശനങ്ങള്‍ വാര്‍ത്തയാക്കുന്നു, മാധ്യമങ്ങളോട് പറയാനുളളത് പാർട്ടി പറയും’ എംവി ​ഗോവിന്ദൻ

തിരുവനന്തപുരം: പാർട്ടിക്ക് അകത്തെ സ്വയം വിമർശനങ്ങൾ വാർത്ത സൃഷ്ടിക്കാൻ ഉപയോ​ഗിക്കുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. സംഘടനാപരമായ തെറ്റു തിരുത്തലിന് പാർട്ടിക്ക് അകത്ത് ചർച്ചകൾ നടത്തും. ഫലപ്രദമായ തീരുമാനങ്ങളം ഇതിലുണ്ടാകും. മാധ്യമങ്ങളോട് പറയാനുളള കാര്യങ്ങൾ അവരോട് പറയുമെന്നും എംവി ​ഗോവിന്ദൻ വ്യക്തമാക്കി. സിപിഐഎം കേരളയുടെ ഔദ്യോ​ഗിക യൂട്യൂബ് ചാനലിന്റെ നിലപാട് എന്ന പരിപാടിയിലായിരുന്നു എംവി ​ഗോവിന്ദന്റെ പ്രതികരണം.

അനാവശ്യമായി പാര്‍ട്ടിയേയും കേഡര്‍മാരേയും നേതാക്കളേയും ഏതെങ്കിലും രീതിയില്‍ കൊത്തിവലിക്കുന്ന സാഹചര്യം ഉണ്ടാക്കിയിട്ട് ചര്‍ച്ച ചെയ്യുന്ന രീതിയാണുള്ളത്. പാർട്ടിക്കുളളിലെ പ്രശ്നങ്ങൾ മാധ്യമങ്ങളിലൂടെ വലിച്ചിഴച്ച് ചർച്ച നടത്തില്ല. ഏതെങ്കിലും ഒരു യോ​ഗത്തിലോ സന്ദർഭത്തിലോ കൈകാര്യം ചെയ്യേണ്ട ഒന്നല്ല തെറ്റ് തിരുത്തൽ പ്രക്രിയയെന്നും ​ഗോവിന്ദൻ വ്യക്തമാക്കി.

‘സാമൂഹിക ജീവിതത്തിന്റെ ഭാഗമായിട്ട് കമ്യൂണിസ്റ്റുകാരേയും അക്രമിച്ചുകൊണ്ടിരിക്കുന്ന ജീര്‍ണതയെ ഫലപ്രദമായി പ്രതിരോധിക്കണം. ഓരോ വ്യക്തിയും സമൂഹത്തിന്റെ ഭാഗമായിട്ട് നില്‍ക്കുമ്പോള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട കമ്യൂണിസ്റ്റ് മൂല്യം ഉയര്‍ത്തിപ്പിടിക്കാനാകണം. പാര്‍ട്ടിക്ക് ഗൗരവമായ ചര്‍ച്ചകളും വിമര്‍ശനങ്ങളും സ്വയം വിമര്‍ശനങ്ങളും എല്ലാം നടത്തിക്കൊണ്ട് മാത്രമേ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളു. അങ്ങനെയുള്ള സാഹചര്യത്തെ ഉപയോഗപ്പെടുത്തി മാധ്യമങ്ങള്‍ വാര്‍ത്ത സൃഷ്ടിക്കുകയും അവര്‍ തന്നെ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന പ്രത്യേക കാഴ്ചയാണ് കേരളത്തില്‍ കണ്ടുകൊണ്ടിരിക്കുന്നത്’ ഗോവിന്ദന്‍ പറഞ്ഞു.

Top