കെട്ടിടം നിര്‍മിക്കാം സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതി

തിരുവനന്തപുരം : കെട്ടിടനിര്‍മ്മാണ അനുമതി നല്‍കുന്നത് ത്വരിതപ്പെടുത്തുന്നതിന് പഞ്ചായത്ത്-മുനിസിപ്പല്‍ നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചു.

സ്ഥലം ഉടമയുടെയും പ്ലാന്‍ തയ്യാറാക്കി സമര്‍പ്പിക്കാന്‍ അധികാരപ്പെട്ട എംപാനല്‍ഡ് ലൈസന്‍സിയുടെയും (ആര്‍ക്കിടെക്‌ട്, എഞ്ചിനീയര്‍, ബില്‍ഡിംഗ് ഡിസൈനര്‍, സൂപ്പര്‍വൈസര്‍ അല്ലെങ്കില്‍ ടൗണ്‍ പ്ലാനര്‍) സാക്ഷ്യപത്രത്തിന്മേല്‍ നിര്‍മാണം ആരംഭിക്കാന്‍ കഴിയുന്ന വിധത്തിലാണ് നിയമ ഭേദഗതി വരുന്നത്. പ്ലാന്‍ ലഭിച്ചുകഴിഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറി അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ക്കകം കൈപ്പറ്റ് സാക്ഷ്യപത്രം നല്‍കണം.

ഈ രേഖ നിര്‍മ്മാണ പെര്‍മിറ്റായും കെട്ടിട നിര്‍മ്മാണം ആരംഭിക്കുന്നതിനുള്ള അനുവാദമായും കണക്കാക്കുന്ന വ്യവസ്ഥകള്‍ കരട് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.ഏഴുമീറ്ററില്‍ കുറവ് ഉയരവും രണ്ട് നിലവരെയും മുന്നൂറ് ചതുരശ്രമീറ്ററില്‍ കുറവ് വിസ്തൃതിയും ഉള്ള വീടുകള്‍ സ്വയംസാക്ഷ്യപത്രം നല്‍കി നിര്‍മിക്കാം.

Top