റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ പുടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് സെലന്‍സ്‌കി

യുക്രൈനില്‍ റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനെ നേരിട്ട് ചര്‍ച്ചയ്ക്ക് വിളിച്ച് യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ സെലന്‍സ്‌കി. യുദ്ധം അവസാനിപ്പിക്കാന്‍ ഇത് മാത്രമാണ് ഒരേയൊരു വഴിയെന്നും സെലന്‍സ്‌കി പറഞ്ഞു. ഡോണ്‍ബോസ് അടക്കമുള്ള ഏത് വിഷയത്തിലും ചര്‍ച്ചയാവാം എന്നും സെലന്‍സ്‌കി വ്യക്തമാക്കി.

എന്നോടൊപ്പം ഇരിക്കു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ കൂടെ ഇരുന്നത് പോലെ 30 മീറ്റര്‍ വിട്ടല്ലെന്നും പറഞ്ഞ സെലന്‍സ്‌കി ലോക നേതാക്കളുമായി പുടിന്‍ നടത്തുന്ന നീണ്ട മേശയ്ക്ക് ഇരുവശമുള്ള ചര്‍ച്ചകളെ പരോക്ഷമായി പരാമര്‍ശിച്ചു. സാധാരണക്കാരനായ തന്നെ പുടിന്‍ പേടിക്കുന്നത് എന്തിനെന്നും സെലന്‍സ്‌കി ചോദിച്ചു.

‘ഞങ്ങള്‍ റഷ്യയെ ആക്രമിക്കുന്നില്ല, ആക്രമിക്കാന്‍ പദ്ധതിയിടുന്നുമില്ല. നിങ്ങള്‍ക്ക് ഞങ്ങളില്‍ നിന്ന് എന്താണ് വേണ്ടത് ഞങ്ങളുടെ ഭൂമി വിട്ടുപോകൂ’ പുടിനെ അഭിസംബോധന ചെയ്തുകൊണ്ട് സെലന്‍സ്‌കി പറഞ്ഞു.

യുക്രൈനിന് സൈനിക സഹായം വര്‍ദ്ധിപ്പിക്കാന്‍ സെലെന്‍സ്‌കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു, അല്ലാത്തപക്ഷം യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും റഷ്യ മുന്നേറുമെന്നും യുക്രൈന്‍ വീണാല്‍ ബാള്‍ട്ടിക് രാജ്യങ്ങളാവും റഷ്യയുടെ അടുത്ത ലക്ഷ്യമെന്നും സെലന്‍സ്‌കി പറഞ്ഞു. ‘ഞങ്ങളില്ലെങ്കില്‍, ലാത്വിയ, ലിത്വാനിയ, എസ്‌റ്റോണിയ എന്നിവ അടുത്തതായി വരും. എന്നെ വിശ്വസിക്കു’ സെലന്‍സ്‌കി പറഞ്ഞു.

Top