ടീം ആവശ്യപ്പെട്ടാല്‍ തിരിച്ച് വരാം… എന്നാല്‍ അങ്ങനൊരു തിരിച്ച് വിളിയുണ്ടാകില്ലെന്ന് പഠാന്‍

ന്യൂഡല്‍ഹി: ടീം ആവശ്യപ്പെട്ടാല്‍ തിരിച്ച് വരവിന് തയ്യാറാണെന്ന് ഇന്ത്യന്‍ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സുരേഷ് റെയ്‌നയുമായി ഇന്‍സ്റ്റഗ്രാം ലൈവില്‍ സംസാരിക്കുകയായിരുന്നു പഠാന്‍. തിരിച്ചുവരണമെന്ന് സെലക്ടര്‍മാര്‍ ആവശ്യപ്പെട്ടാല്‍ തീര്‍ച്ചയായും ഞാന്‍ അതിന് തയ്യാറാവും. ഒരു വര്‍ഷം കടുത്ത പരിശീലനം നടത്തണം.

‘ടീമിന് നിങ്ങളുടെ സേവനം ആവശ്യമുണ്ട്. വിരമിക്കല്‍ തീരുമാനം മാറ്റിവെക്കണം. ടീം സെലക്ഷന്‍ സമയത്ത് നിങ്ങളുടെ പേരും പരിഗണിക്കാം എന്ന് ടീം മാനേജ്‌മെന്റ് പറഞ്ഞാല്‍ ഞാന്‍ എന്റെ ഹൃദയവും ആത്മാവും ക്രിക്കറ്റിനായി സമര്‍പ്പിക്കു’മെന്ന് പഠാന്‍ പറയുന്നു. ‘എന്നാല്‍ അങ്ങനെ തിരിച്ചുവിളി ഉണ്ടാവില്ലെന്നും’ പഠാന്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ, ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) അനുവാദം നല്‍കണമെന്ന് പഠാന്‍ ആവശ്യപ്പെട്ടിരുന്നു.

രാജ്യാന്തര ക്രിക്കറ്റില്‍ ഇനിയൊരു അങ്കത്തിന് ബാല്യമില്ലാത്ത വെറ്ററന്‍ താരങ്ങളെ വിദേശ ട്വന്റി20 ലീഗുകളില്‍ കളിക്കാന്‍ അനുവദിച്ചാല്‍ എന്താണ് പ്രശ്‌നമെന്നായിരുന്നു പഠാന്റെ ചോദ്യം. 2012ലാണ് പഠാന്‍ അവസാനമായി ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞത്. കഴിഞ്ഞ വര്‍ഷം കരിയറിന് വിരാമമിട്ടു. 120 ഏകദിനങ്ങളില്‍ നിന്ന് 173 വിക്കറ്റെടുത്ത ഇര്‍ഫാന്‍ 1544 റണ്‍സും കണ്ടെത്തി. 24 ട്വന്റി-20യില്‍ നിന്ന് 28 വിക്കറ്റാണ് വീഴ്ത്തിയത്. 2003ല്‍ തന്റെ 19-ാം വയസില്‍ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.

Top