ശ്രീശാന്തിന്റെ സിനിമ കാണാന്‍ കാത്തിരിക്കുകയാണെന്ന് സെവാഗ്‌

ക്രിക്കറ്റ് കളിക്കുന്നതില്‍ നിന്നും ബിസിസിഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന മലയാളിതാരം എസ്. ശ്രീശാന്ത് നായകനാവുന്ന സിനിമയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ്.

‘ടീം 5’ എന്ന ചിത്രത്തില്‍ അഭിനയിച്ച ശ്രീശാന്തിന് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന സേവാഗ് ചിത്രത്തിനുവേണ്ടി ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുകയാണെന്നും പറയുന്നു. ട്വിറ്ററിലൂടെയാണ് സേവാഗിന്റെ ആശംസ.

സുരേഷ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ് പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്. വെള്ളിയാഴ്ചയായിരുന്നു റിലീസ്.

തെന്നിന്ത്യന്‍ താരം നിക്കി ഗല്‍റാണിയാണ് ചിത്രത്തില്‍ ശ്രീശാന്തിന്റെ നായികയാവുന്നത്. ചിത്രത്തില്‍ ബൈക്ക് റേസറായാണ് ശ്രീശാന്ത് അഭിനയിച്ചിരിക്കുന്നത്.

2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടയ്ക്ക് വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.

തുടര്‍ന്ന് എറണാകുളം ക്രിക്കറ്റ് ജില്ലാ ലീഗിലും സ്‌കോട്ടിഷ് ലീഗിലും കളിക്കാനിരുന്നെങ്കിലും ബിസിസിഐ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് സാധിച്ചില്ല.

ഇന്ത്യക്കായി 27 ടെസ്റ്റും 53 ഏകദിനവും കളിച്ചിട്ടുളള ശ്രീശാന്ത്, കേരളം ഇന്ത്യയ്ക്ക് സമ്മാനിച്ചിട്ടുളള മികച്ച ക്രിക്കറ്റ് താരമാണ്. ഏകദിനത്തില്‍ 75 വിക്കറ്റും ടെസ്റ്റില്‍ 87 വിക്കറ്റും ശ്രീ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വന്തമാക്കിയിട്ടുണ്ട്.

പത്ത് ട്വന്റി ട്വന്റി യില്‍ നിന്ന് ഏഴു വിക്കറ്റ് നേടിയ ശ്രീശാന്തിന്റെ ക്യാച്ചിലാണ് ഇന്ത്യ 2007 ടി ട്വന്റി ലോകകപ്പ് കിരീടം നേടിയത്.

വാതുവെയ്പ്പ് കേസില്‍ സുപ്രീംകോടതി തന്നെ കുറ്റവിമുക്തനാക്കിയിട്ടും ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ശ്രീശാന്ത് ആരോപിച്ചിരുന്നു.

Top