ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷകരിൽ വീരേന്ദർ സെവാഗും

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകനായുള്ള അപേക്ഷകരിൽ മുൻ ഒാപ്പണിങ് ബാറ്റ്സ്മാൻ വീരേന്ദർ സെവാഗും. സെവാഗിനെ കൂടാതെ അഞ്ചു പേർ കൂടി പട്ടികയിലുണ്ട്.

ഇന്ത്യയുടെ മുൻ മാനേജർ ലാൽ ചന്ദ് രജ്പുത്, മുൻ ഇന്ത്യൻ താരം ഡോഡാ ഗണേഷ്, ഒാസ്ട്രേലിയൻ മുൻ ഒാൾ റൗണ്ടർ ടോം മൂഡി, ഇംഗ്ലീഷ് താരം റിച്ചാർഡ് പെബസ് എന്നിവരും നിലവിലെ ഹെഡ് കോച്ചും മുൻ താരവുമായ അനിൽ കുംബ്ലൈയും പുതിയ കോച്ചിനായി അപേക്ഷ നൽകിയിട്ടുണ്ട്. ജൂൺ 20ന് കുംബ്ലൈയുടെ കരാർ കാലാവധി തീരുന്നതിനെ തുടർന്നാണ് പുതിയ കോച്ചിനെ തേടി ബിസിസിഐ പരസ്യം നൽകിയത്.

അപേക്ഷ നൽകാനുള്ള അവസാന ദിവസം മേയ് 31 ആയിരുന്നു. സച്ചിൻ തെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്.ലക്ഷ്മൺ എന്നിവരടങ്ങുന്ന ക്രിക്കറ്റ് ഉപദേശക സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാവും നിയമനം.

സുതാര്യത ഉറപ്പാക്കാൻ സുപ്രീം കോടതി നിയോഗിച്ച ഭരണസമിതിയിലെ ഒരംഗത്തിന്റെ മേൽനോട്ടം മുഴുവൻ നടപടികൾക്കുമുണ്ടാവുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

Top