seetharam yechuri on electronic voting machine issue

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് ബിജെപി നേതാവ് പൊതുയോഗത്തില്‍ പ്രഖ്യാപിച്ച സംഭവത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമീഷന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.

ത്രിപുര സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് ദേബാണ് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തുമെന്ന് പ്രഖ്യാപിച്ചത്.

രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന് ഭരണഘടനാപരമായ ബാധ്യതയുണ്ട്.

നിയമവിരുദ്ധ പ്രസ്താവന നടത്തിയ വ്യക്തിക്കെതിരെ കേസെടുക്കണം. ത്രിപുരയില്‍ നീതിപൂര്‍വമായി തിരഞ്ഞെടുപ്പ് നടത്തുമെന്ന് ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയും ചെയ്യണമെന്ന് സീതാറാം യെച്ചൂരി പറഞ്ഞു.

വോട്ട് ആര്‍ക്കാണ് രേഖപ്പെടുത്തിയതെന്ന് സ്ഥിരീകരിക്കുന്ന രസീത് വോട്ടര്‍ക്ക് ലഭ്യമാക്കുന്ന വിവിപാറ്റ് സംവിധാനമുള്ള വോട്ടിംഗ് യന്ത്രങ്ങള്‍ ത്രിപുരയില്‍ ഉപയോഗിക്കണം. തിരഞ്ഞെടുപ്പ് പ്രക്രിയയിലുള്ള വിശ്വാസം ത്രിപുരയിലെ വോട്ടര്‍മാരില്‍ വീണ്ടെടുക്കാന്‍ ഇത്രയെങ്കിലും ചെയ്യണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

ഉത്തര്‍പ്രദേശിലെയും മണിപ്പുരിലെയും സ്ഥിതി ത്രിപുരയില്‍ ആവര്‍ത്തിക്കുമെന്നും മണിക് സര്‍ക്കാര്‍ വോട്ട് ചെയ്താലും താമരയ്ക്കാണ് കിട്ടുകയെന്നുമാണ് ബിജെപി നേതാവ് പറഞ്ഞത്. ധൈര്യമുണ്ടെങ്കില്‍ മണിക് സര്‍ക്കാര്‍ തനിക്കെതിരെ കേസ് എടുക്കട്ടെയെന്നും ബിപ്ലബ് ദേബ് വെല്ലുവിളിച്ചു. ഇതിന്റെ വീഡിയോദൃശ്യം സഹിതം ത്രിപുര ഇടതുമുന്നണി തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്.

Top