ശ്രീനഗറിലെത്തിയ തന്നെ അകാരണമായി തടഞ്ഞുവച്ചു; രാഷ്ട്രപതിക്ക് കത്തെഴുതി യെച്ചൂരി

yechu

ന്യൂഡല്‍ഹി: മുഹമ്മദ് യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാന്‍ ശ്രീനഗറിലെത്തിയ തന്നെ അകാരണമായി തടഞ്ഞുവച്ച് തിരിച്ചയച്ചതില്‍ പ്രതിഷേധമറിയിച്ച് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതി.

തരിഗാമിയെ കാണാന്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കിനോട് അനുമതി തേടിയശേഷമാണ് താന്‍ അവിടെ പോയത് എന്നാല്‍ ഒരു ദേശീയ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയാണെന്നറിഞ്ഞിട്ടും പാര്‍ട്ടിനേതാക്കളെ കാണാനുള്ള ജനാധിപത്യപരമായ അവകാശമാണ് തടഞ്ഞത്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുന്ന സ്ഥിതിഗതി ബോധ്യപ്പെടുത്താനാണ് രാഷ്ട്രപതിക്ക് കത്തെഴുതിയതെന്നും യെച്ചൂരി പറഞ്ഞു.

”വിമാനമിറങ്ങിയ എന്നെ പൊലീസ് വളഞ്ഞ് ഒരു മുറിയിലെത്തിച്ചു. ശ്രീനഗറിലേക്ക് പോകാനാകില്ലെന്നും ഉടന്‍ തിരിച്ചുപോകണമെന്നും അറിയിച്ചു. എന്നാല്‍, വൈകിട്ട് മടങ്ങാനുള്ള ടിക്കറ്റുണ്ടെന്നും ഉടന്‍ മടങ്ങില്ലെന്നും അറിയിച്ചു. ഇതോടെ ഒപ്പമുണ്ടായിരുന്ന സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും എന്നെയും നാലുമണിക്കൂര്‍ തടഞ്ഞുവച്ചു. ജില്ലാ മജിസ്ട്രേട്ട് എത്തി. സന്ദര്‍ശനം ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നും അതിനാല്‍ പുറത്തുപോകാന്‍ അനുവാദമില്ലെന്നുമുള്ള ഉത്തരവ് അവര്‍ കാണിച്ചു. ഞങ്ങള്‍ വിമാനത്താവളത്തിലും പ്രതിഷേധിച്ചു. അസ്വാഭാവിക സംഭവമാണിത്” -യെച്ചൂരി പറഞ്ഞു.

കശ്മീരിലെ ജനം കടുത്ത അതൃപ്തിയിലാണെന്നും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതില്‍ ഏറെ പരാതിയുണ്ടെന്നും മനസ്സിലായി. അന്താരാഷ്ട്ര, ആഭ്യന്തര വാര്‍ത്താ ഏജന്‍സികള്‍ ജനങ്ങളുടെ പ്രതിഷേധവും അതിനെതിരായ പൊലീസ് അതിക്രമവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാഷ്ട്രപതിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ട ഗുരുതരവിഷയമാണിത്. മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണഘടനയുടെ സംരക്ഷകനെന്നനിലയില്‍ രാഷ്ട്രപതി ഇടപെടണം’- യെച്ചൂരി കത്തില്‍ ആവശ്യപ്പെട്ടു. സന്ദര്‍ശനത്തിന് അനുമതിതേടി ഗവര്‍ണര്‍ക്കയച്ച കത്തും യെച്ചൂരി രാഷ്ട്രപതിക്ക് കൈമാറിയിട്ടുണ്ട്.

Top