Seetharam Yechuri – air india

yechuri

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറം യച്ചൂരിക്ക് എയര്‍ ഇന്ത്യ വിമാനത്തില്‍ പ്രത്യേക പരിഗണന നല്‍കിയതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം. 14 മണിക്കൂറോളം വിമാനം വൈകിയിട്ടും യച്ചൂരിക്ക് മാത്രമാണ് അധികൃതര്‍ താമസ സൗകര്യം ഒരുക്കിയിരുന്നത് എന്നാണ് ആരോപണം.

ഇന്നലെ രാത്രി കൊല്‍ക്കത്തയില്‍ നിന്ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന എയര്‍ ഇന്ത്യ 701 വിമാനം ഇന്ന് രാവിലെ 8.55നാണ് ഡല്‍ഹിയിലെത്തിയത്. സാങ്കേതിക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിമാനം വൈകിയത്. 14 മണിക്കൂറാണ് വിമാനം തടസ്സപ്പെട്ടിരുന്നത്. ഇന്ത്യയിലെ പാക്ക് ഹൈക്കമ്മീഷണര്‍ അബ്ദുല്‍ ബാസിതും വിമാനത്തിലുണ്ടായിരുന്നു. വിമാനം വൈകിയതിനെ തുടര്‍ന്ന് അദ്ദേഹം മറ്റൊരു വിമാനത്തില്‍ യാത്ര തുടര്‍ന്നു.

7.15ന് തകരാര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 10 മണിയോടെയാണ് യാത്രക്കാരെ വിമാനത്തില്‍നിന്ന് ഒഴിപ്പിച്ച് ടെര്‍മിനലില്‍ എത്തിച്ചത്. വിമാനത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിച്ചോയെന്നു വിശദീകരിക്കുന്നതിനു പോലും എയര്‍ ഇന്ത്യ അധികൃതര്‍ തയാറാകാതിരുന്നത് യാത്രക്കാരെ ചൊടിപ്പിച്ചു. രണ്ടു മണിക്കൂറോളം അവര്‍ പ്രതിഷേധിച്ചു. എന്നാല്‍, യാത്രക്കാര്‍ക്ക് ഹോട്ടലില്‍ താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് എയര്‍ ഇന്ത്യ ഇന്ന് അറിയിച്ചിരിക്കുന്നത്.

Top