seetharam yechuri against RSS

തിരുവനന്തപുരം: കേരളത്തില്‍ ആര്‍എസ്എസ് അക്രമം വര്‍ധിച്ചുവരുന്നുവെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി.

കേരള സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമിക്കുന്നത്. ജനാധിപത്യ മാര്‍ഗങ്ങളിലൂടെ ബിജെപിയെ നേരിടും.

മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവം കാണിക്കുന്നത് ആര്‍എസ്എസ്സിന്റെ അക്രമ മുഖമാണ്. തിരഞ്ഞെടുപ്പിന് ശേഷം ഒന്‍പത് സിപിഎം പ്രവര്‍ത്തകര്‍ കേരളത്തില്‍ കൊല്ലപ്പെട്ടു. അക്രമത്തിലൂടെ സ്വാധീനം ഉറപ്പിക്കാനുള്ള ആര്‍എസ്എസ് ശ്രമം നടപ്പാകില്ല.

കേരളത്തില്‍ സിപിഎം അധികാരത്തില്‍ വന്നതിനുശേഷം ആര്‍ എസ് എസ് ആക്രമണം ശക്തമാണന്നെും ബിജെപി സിപിഎമ്മിനെ ലക്ഷ്യം വച്ചാണ് നീങ്ങുന്നതെന്നും യച്ചൂരി പറഞ്ഞു.

സംസ്ഥാനത്ത് പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി തന്നെ വീഴ്ച ഏറ്റു പറയുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാരിന് വീഴ്ച പറ്റിയാല്‍ മറച്ചുവെക്കില്ല. തെറ്റുമറച്ചുവെക്കാന്‍ ബലിയാടുകളെ കണ്ടെത്തില്ല പകരം തെറ്റു തിരുത്തി മുന്നോട്ടുപോകും. ഇപ്പോള്‍ ശരിയായ ദിശയിലാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും യച്ചൂരി അറിയിച്ചു.

യു പിയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം നല്‍കണം. ഗോ രക്ഷയുടെ പേരില്‍ യുപിയില്‍ ന്യൂനപക്ഷങ്ങള്‍ പീഡിപ്പിക്കപ്പെടുന്നുവെന്നും ആര്‍ എസ് എസിന്റെ ഹിന്ദുത്വരാഷ്ട്രീയം ബിജെപി സര്‍ക്കാര്‍ നടപ്പാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ഉത്തര്‍ പ്രദേശിലെ റോമിയോ സേന സദാചാര പൊലീസല്ലാതെ മറ്റൊന്നുമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയോധ്യപ്രശ്‌നം ഭൂമി പ്രശ്‌നമാണ് അതിനാല്‍ കോടതിക്ക് പുറത്ത് ഒത്തു തീര്‍ക്കേണ്ടതില്ലെന്നും അയോധ്യ പ്രശ്‌നം ഒത്തു തീര്‍പ്പാക്കാനുള്ള സാധ്യതകള്‍ ആര്‍എസ്എസ് തന്നെ അടച്ചുവെന്നും സീതാറാം യച്ചൂരി വ്യക്തമാക്കി.

Top