സമാധാനപൂര്‍ണമായ ബന്ധം പാകിസ്ഥാന്‍ ആഗ്രഹിക്കുന്നു; ഇന്ത്യയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഷഹബാസ് ഷെരീഫ്

ഡൽഹി: ഇന്ത്യയെ ചർച്ചയ്ക്ക് ക്ഷണിച്ച് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സമാധാനപൂർണവും സഹകരണാത്മകവുമായ ഉഭയകക്ഷി ബന്ധങ്ങളാണ് ഇന്ത്യയുമായി പാകിസ്ഥാൻ ആഗ്രഹിക്കുന്നത്. അതിനായി അർത്ഥവത്തായ ചർച്ചകൾ നടക്കേണ്ടതുണ്ടെന്നും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ ഷഹബാസ് ഷെരീഫ് അഭിപ്രായപ്പെട്ടു.

മേഖലയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും പാക് പ്രധാനമന്ത്രി കത്തിൽ സൂചിപ്പിച്ചു. പാകിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഷഹബാസ് ഷെരീഫിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചിരുന്നു.

ഇരുരാജ്യങ്ങളും തമ്മിൽ ക്രിയാത്മകമായ ബന്ധങ്ങൾ തുടരേണ്ടതുണ്ടെന്നും മോദി സൂചിപ്പിച്ചിരുന്നു. ഇതിന് മറുപടിയായാണ് ഷഹബാസ് ഷരീഫ് മോദിക്ക് കത്തയച്ചത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ ബലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിലേക്ക് മിന്നലാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതും അകൽച്ചയ്ക്ക് ആക്കം കൂട്ടി.

Top