കളത്തിനകത്തും പുറത്തും സുരക്ഷ ഉറപ്പാക്കണം; ക്രിക്കറ്റ് അസോസിയേഷനുകളോട് ബിസിസിഐ

BCCI-CRICKET

ബെംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷ നല്‍കുന്ന കാര്യത്തില്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് അന്ത്യശാസനം നല്‍കി ബി.സി.സി.ഐ. സെപ്റ്റംബര്‍ 16-ന് മൊഹാലിയിലെത്തിയ ടീം ഇന്ത്യയ്ക്ക് സുരക്ഷയൊരുക്കാന്‍ ആരും ഉണ്ടാകാതിരുന്നതാണ് ബിസിസിഐ-യെ ചൊടിപ്പിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനായി മൊഹാലിയില്‍ എത്തിയതായിരുന്നു ഇന്ത്യന്‍ ടീം. താരങ്ങളുടെ സുരക്ഷ ചണ്ഡീഗഢ് പോലീസിനായിരുന്നെങ്കിലും പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ നേരത്തെയുള്ള കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്ന് പൊലീസ് താരങ്ങളുടെ സുരക്ഷയ്ക്കായി എത്തിയിരുന്നില്ല. ഇതോടെ ആദ്യദിനം, ടീം താമസിച്ച ഹോട്ടലാണ് താരങ്ങള്‍ക്ക് സുരക്ഷയൊരുക്കിയത്. രണ്ടാം ദിവസം മുതല്‍ സുരക്ഷയൊരുക്കാന്‍ പൊലീസ് എത്തുകയായിരുന്നു.

ഇതോടെയാണ് ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷ സംബന്ധിച്ച് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബിബിസിഐ താക്കീത് നല്‍കിയത്. കളത്തിനകത്തും പുറത്തും ടീമിന്റെ സുരക്ഷയില്‍ യാതൊരു വീഴ്ചയും സംഭവിക്കരുതെന്ന് ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ബി.സി.സി.ഐയുടെ അഴിമതി വിരുദ്ധ വിഭാഗം തലവന്‍ അജിത്ത് സിങ് മുന്നറിയിപ്പ് നല്‍കി. ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് കത്തയച്ചു.

സ്റ്റേഡിയത്തില്‍ ബൗണ്ടറി ലൈനിനും കാണികള്‍ക്കും ഇടയില്‍ കൃത്യമായി സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും ഇവര്‍ കാണികള്‍ക്ക് അഭിമുഖമായി നില്‍ക്കണമെന്നും കത്തില്‍ പറയുന്നു. മാത്രമല്ല, ബൗണ്ടറി ലൈനിന് ചുറ്റും കൃത്യമായ ഇടവേളകളില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഇത്തരം സുരക്ഷാ വീഴ്ച്ചകള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും കത്തില്‍ വ്യക്തമാക്കുന്നു.

Top