Security reports suggest Kanhaiya did not raise anti-India slogans

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎന്‍യു) വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന പേരില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ മോചനത്തിനായി ജെഎന്‍യു വിദ്യാര്‍ഥികളും അധ്യാപകരും നടത്തുന്ന സമരം തുടരുന്നതിനിടെയാണ് കേന്ദ്ര അഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

ഡല്‍ഹി പോലീസിന് വീഴ്ച പറ്റി. അമിതാവേശത്താലാണ് പോലീസ് കനയ്യ കുമാറിനെതിരേ ഗുരുതര ആരോപണങ്ങളോടെ നടപടി എടുത്തത്. ദേശവിരുദ്ധ മുദ്രാവാക്യങ്ങള്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, അത് ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് യൂണിയന്‍ (ഡിഎസ്‌യു) പ്രവര്‍ത്തകരാണ് മുഴക്കിയത്.

സിപിഐ മാവോയിസ്റ്റിന്റെ വിദ്യാര്‍ഥി സംഘമാണ് ഡിഎസ്‌യു. എന്നാല്‍, കനയ്യ കുമാര്‍ എഐഎസ്എഫ് നേതാവാണ്. സിപിഐയുടെ വിദ്യാര്‍ഥി സംഘടനയാണിതെന്നും ആഭ്യന്തരമന്ത്രാലത്തിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ലഷ്‌കര്‍ ഇതൊയ്ബ തലവന്‍ ഹാഫിസ് സയീദിന്റെ സഹായത്തോടെയാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടന്നതെന്ന് കേന്ദ്ര ആഭ്യന്തരമ മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച പറഞ്ഞത് വിവാദമായി. ഇതിനു പിന്നാലെ കേസ് എന്‍ഐഎ അന്വേഷിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു.

Top