പാർലമെന്റിലെ സുരക്ഷാ വീഴ്ച: സംസ്ഥാന നിയമസഭയുടെ സുരക്ഷയും വർധിപ്പിക്കും

തിരുവനന്തപുരം : അനിഷ്ട സംഭവങ്ങൾ സാധാരണ ഉണ്ടാകാറില്ലെങ്കിലും കേരള നിയമസഭയിലും ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പാർലമെന്റിലുണ്ടായ പ്രതിഷേധത്തിന്റെ സാഹചര്യത്തിൽ നിയമസഭയുടെ സുരക്ഷയും കൂടുതൽ ശക്തമാക്കും. അടുത്ത ജനുവരിയിലാണ് ഇനി നിയമസഭാ സമ്മേളനം.
നിയമസഭാ മന്ദിരത്തിലേക്ക് കടക്കാൻ എംഎൽഎമാരുടെയും മന്ത്രിമാരുടെയും കത്തിന്റെ അടിസ്ഥാനത്തിൽ പാസ് അനുവദിക്കാറുണ്ട്. മാധ്യമപ്രവർത്തകർക്കും പ്രത്യേക പാസുണ്ട്. സഭാ സമ്മേളനം നടക്കുമ്പോൾ എംഎൽഎമാരുടെയും മന്ത്രിമാരുടെയും കത്തിന്റെ അടിസ്ഥാനത്തിൽ മന്ദിരത്തിനു പുറത്ത് വികാസ് ഭവൻ ഭാഗത്തെ ഗേറ്റിനടുത്തുള്ള റിസപ്ഷനില്‍നിന്ന് പാസുകൾ നൽകും. ശുപാർശകളുടെ അടിസ്ഥാനത്തിൽ സംഘമായി ചിലരെ കടത്തിവിടാറുണ്ട്.

അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഇങ്ങനെ ചെയ്യാറുള്ളൂ. ഇത്തരം ശുപാർശകൾ സുരക്ഷാ ജീവനക്കാർ പ്രോത്സാഹിപ്പിക്കാറില്ല. നിയമസഭ കൂടാത്ത സമയങ്ങളിൽ റിസപ്ഷനിൽ നേരിട്ടു ചെന്ന് തിരിച്ചറിയൽ രേഖകൾ നൽകി പാസെടുക്കാം. നിയമസഭ കാണാൻ വിവിധ ജില്ലകളിൽനിന്ന് എത്തുന്നവർ ഇങ്ങനെയാണ് പാസ് എടുക്കുന്നത്. പാസെടുക്കുന്നവരുടെ പശ്ചാത്തലം പൊലീസ് പരിശോധിക്കുമെന്ന് അധികൃതർ പറയുന്നു. പലപ്പോഴും ഇത് കൃത്യമായി നടക്കാറില്ല.

വാച്ച് ആൻഡ് വാർഡിനാണ് സഭയുടെ സുരക്ഷാ ചുമതല. സായുധ പൊലീസിനെയും നിയമസഭാ മന്ദിരത്തിലേക്കുള്ള വിവിധ ഗേറ്റുകളിൽ നിയോഗിച്ചിട്ടുണ്ട്. മന്ദിരത്തിനുള്ളിൽ വാച്ച് ആൻഡ് വാർഡ് മാത്രമേ ഉണ്ടാകൂ. ഡെപ്യൂട്ടേഷനിലാണ് നിയമസഭാ ഡ്യൂട്ടിക്ക് പൊലീസുകാർ എത്തുന്നത്. വെള്ള നിറമാണ് യൂണിഫോമിന്. ആയുധം യൂണിഫോമിൽ സൂക്ഷിക്കാറില്ല. ചീഫ് മാർഷലിന്റെ നേതൃത്വത്തിലാണ് പ്രവർത്തനം. 150 വാച്ച് ആൻഡ് വാർഡാണ് സാധാരണ സഭയുടെ സുരക്ഷയ്ക്കായി ഉണ്ടാകാറുള്ളത്. സഭ ചേരുമ്പോൾ കൂടുതൽപേരെ ഡ്യൂട്ടിക്കായി നിയോഗിക്കും.

എംഎൽഎ ഹോസ്റ്റലിന്റെ ഭാഗത്തുനിന്നു വരുമ്പോൾ സഭാമന്ദിരത്തിലേക്ക് കടക്കുന്നതിനു മുൻപായി രണ്ട് ചെക്ക് പോയിന്റുകളുണ്ട്. ആദ്യ ചെക്പോയിന്റിൽ വാഹനങ്ങൾ തടഞ്ഞ് പാസുകളും ഐഡി കാർഡും പരിശോധിക്കും. രണ്ട് ചെക് പോയിന്റുകളിലും സായുധപൊലീസ് കാവലുണ്ട്. സ്കാനിങ് സംവിധാനമില്ല. മെറ്റൽ ഡിറ്റക്റ്ററുമില്ല. മുന്നിലെ പ്രധാന ഗേറ്റിൽ വാച്ച് ആന്‍ഡ് വാർഡ് പരിശോധന നടത്തും.

സായുധ പൊലീസും കാവലുണ്ട്. ഇവിടെ സ്കാനിങ് സംവിധാനവും മെറ്റൽ ഡിറ്റക്ടറും ഇല്ല. വികാസ്ഭവന്റെ ഭാഗത്ത് നിയമസഭാ ലൈബ്രറിയിലേക്കും സ്പീക്കറുടെ വസതിയിലേക്കും പോകുന്ന ഗേറ്റിലും സായുധപൊലീസും വാച്ച് ആൻഡ് വാർഡുമുണ്ട്. വികാസ് ഭവനു പുറകിലുള്ള ഗേറ്റ് സാധാരണയായി ആളുകളെ കടത്തിവിടാൻ ഉപയോഗിക്കാറില്ല. നിയമസഭാ ലൈബ്രറിയില്‍നിന്ന് സഭാ മന്ദിരത്തിലേക്ക് പ്രവേശിക്കുന്ന സ്ഥലത്തും കാവലുണ്ട്.

നിയമസഭാ മന്ദിരത്തിന് ഉളളിലേക്കുള്ള കവാടങ്ങളിലെല്ലാം മെറ്റൽ ഡിറ്റക്റ്റർ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെയെല്ലാം വാച്ച് ആൻഡ് വാർഡിന്റെ സുരക്ഷയുണ്ട്. പൊതുജനങ്ങളും മാധ്യമപ്രവർത്തകരും മന്ദിരത്തിലേക്ക് കടക്കാൻ ഉപയോഗിക്കുന്ന കവാടത്തിൽ വാച്ച് ആൻഡ് വാർഡ് പാസുകൾ പരിശോധിക്കും. മെറ്റൽ ഡിറ്റക്റ്റർ കടന്ന് അകത്തേക്ക് പോകണം. ബാഗുകള്‍ പരിശോധിക്കാന്‍ സംവിധാനമില്ല. ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയാൽ മാത്രമാണ് പരിശോധന. സഭാ സമ്മേളന സമയത്ത് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും ഉണ്ടാകും.

പാസെടുക്കുന്നവരെ വരിയായി നിർത്തി, പാസുകൾ പരിശോധിച്ച് പടികൾ വഴി രണ്ടാം നിലയിലെത്തിക്കും. സഭാ നടപടികൾ വീക്ഷിക്കാനുള്ള രണ്ടാം നിലയിലെ ഗ്യാലറിയുടെ പ്രവേശന കവാടത്തിലും പാസ് പരിശോധിക്കും. നിർദേശങ്ങൾ നൽകി ആളുകളെ അകത്തേക്ക് കടത്തിവിടും. സഭ നടക്കുമ്പോൾ ശബ്ദമുണ്ടാക്കാനോ ചിരിക്കാനോ കയ്യടിക്കാനോ ഉറങ്ങാനോ അനുവദിക്കില്ല. ഗ്യാലറിയിലും വാച്ച് ആന്‍ഡ് വാർഡ് നിരീക്ഷണം ഉണ്ടാകും. സഭാ നടപടികൾ കാണാൻ പാസെടുത്ത് വരുന്നവർക്ക് മറ്റിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കില്ല. പ്രസ് ഗ്യാലറിയിലേക്ക് കടക്കുന്നതിനു മുൻപും പാസ് പരിശോധിക്കും.

3 വർഷം സർവീസ് പൂർത്തിയാക്കിയവരെയാണ് വാച്ച് ആൻഡ് വാർഡായി ഡപ്യൂട്ടേഷനിൽ നിയോഗിക്കുക. 3 വർഷത്തേക്കാണു നിയമനം. മികവുള്ളവർക്ക് 2 വർഷം കൂടി നീട്ടി നൽകും. സ്പീക്കറുടെയും നിയമസഭാ സെക്രട്ടറിയുടെയും നിയന്ത്രണത്തിലാണ് വാച്ച് ആൻഡ് വാർഡ്. നിയമസഭാ വളപ്പിൽ സ്പീക്കർക്കും ഡപ്യൂട്ടി സ്പീക്കർക്കും സുരക്ഷയും നൽകും. കമൻഡാൻഡ് റാങ്കിലുള്ള ഉദ്യോഗസ്ഥരായിരിക്കും വാച്ച് ആൻഡ് വാർഡ് യൂണിറ്റിന്റെ തലപ്പത്തുള്ള ചീഫ് മാർഷൽ. ചീഫ് മാർഷൽ, അഡിഷനൽ ചീഫ് മാർഷൽ, മാർഷൽ, സാർ‍ജന്റ്, സാർ‍ജന്റ് അസിസ്റ്റന്റുമാർ, വനിതാ സാർ‍ജന്റ് അസിസ്റ്റന്റുമാർ എന്നിവരുൾപ്പെടെ 150 പേരെയാണ് നിയമസഭയിൽ നിയോഗിച്ചിരിക്കുന്നത്. സഭാ സമ്മേളനം നടക്കുമ്പോൾ അധികമായി ആളുകളെ നിയമിക്കും.

ഡിജിപി നൽകുന്ന പട്ടിക പ്രകാരം നിയമസഭാ സെക്രട്ടറിയും ചീഫ് മാർഷലും അഭിമുഖം നടത്തിയാണ് വാച്ച് ആൻഡ് വാർ‍ഡിനെ തിരഞ്ഞെടുക്കുക. സ്വഭാവം, രാഷ്‌ട്രീ‍യ ചായ്‌വ്, സർവീസ് ചരിത്രം തുടങ്ങിയവ പരിശോധിക്കും. ലോക കേരളസഭ നടക്കുന്നതിനിടെ, പുരാവസ്തു തട്ടിപ്പു കേസിൽ വിവാദത്തിൽപെട്ട പ്രവാസി വനിത അനിത പുല്ലയിൽ നിയമസഭാ മന്ദിരത്തിൽ അനുവാദമില്ലാതെ കടന്ന സംഭവത്തിൽ നാലു കരാർ ജീവനക്കാർക്കെതിരെ നടപടിയെടുത്തിരുന്നു.

Top