മണിപ്പൂര്‍: വര്‍ഗീയ സംഘര്‍ഷം തുടരുന്ന മണിപ്പൂരില്‍ വന്‍തോതില്‍ ആയുധശേഖരം പിടികൂടി. മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധ സാമഗ്രികളും കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ത്യന്‍ ആര്‍മി, അസം റൈഫിള്‍സ്, സെന്‍ട്രല്‍ ആംഡ് പൊലീസ് ഫോഴ്‌സ് (സിഎപിഎഫ്), മണിപ്പൂര്‍ പൊലീസ് എന്നിവര്‍ സംയുക്ത ഓപ്പറേഷനില്‍ പങ്കെടുത്തു.
ചുരാചന്ദ്പൂര്‍ ജില്ലയിലെ ഖോഡാങ് ഗ്രാമത്തില്‍ നിന്നുമാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയത്. ആകെ 15 ആയുധങ്ങള്‍ കണ്ടെടുത്തു. ഇതില്‍ 14 മോര്‍ട്ടാറുകളും ഒരു സിംഗിള്‍ ബാരല്‍ തോക്കും ഉള്‍പ്പെടുന്നു. മണിപ്പൂര്‍, നാഗാലാന്‍ഡ്, തെക്കന്‍ അരുണാചല്‍ പ്രദേശ് പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണല്‍ അമിത് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സെപ്തംബര്‍ 15 ന് തൗബാലില്‍ നടത്തിയ ഓപ്പറേഷനിലും ആയുധ ശേഖരം കണ്ടെത്തിയിരുന്നു.
മണിപ്പൂരില്‍ നാല് മാസമായി തുടരുന്ന വംശീയ സംഘര്‍ഷത്തില്‍ 175 പേര്‍ കൊല്ലപ്പെടുകയും 1,108 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു, 32 പേരെ കാണാതായിട്ടുണ്ട്. മെയ് മാസത്തില്‍ ആരംഭിച്ച അക്രമത്തില്‍ ഇതുവരെ 4,786 വീടുകള്‍ക്ക് തീയിടുകയും 386 ആരാധനാലയങ്ങള്‍ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.