പഞ്ചാബിലെ സുരക്ഷാവീഴ്ച; രാഷ്ട്രപതിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: പഞ്ചാബ് സന്ദര്‍ശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് രാഷ്ട്രപതി റാം നാഥ് കോവിന്ദുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. സുരക്ഷാ വീഴ്ചയുണ്ടായതില്‍ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അതീവസുരക്ഷാ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരിലാണ് കര്‍ഷകര്‍ തടഞ്ഞത്. റോഡ് ഉപരോധത്തെത്തുടര്‍ന്ന് 20 മിനിറ്റോളം ഒരു മേല്‍പാലത്തില്‍ കുടുങ്ങിയ പ്രധാനമന്ത്രി റാലി റദ്ദാക്കി ഡല്‍ഹിയിലേക്കു മടങ്ങി.

പ്രധാനമന്ത്രിക്ക് സുരക്ഷയൊരുക്കേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനാണെന്നും വന്‍ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ചൂണ്ടിക്കാട്ടി. പ്രതിഷേധത്തെക്കുറിച്ച് ഇന്റലിജന്‍സ് മുന്നറിയിപ്പ് ഉണ്ടായിരുന്നിട്ടും പഞ്ചാബ് പൊലീസ് കൂടുതല്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രയ്ക്കായി പ്രത്യേക പാത സജ്ജീകരിച്ചില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം കുറ്റപ്പെടുത്തി. പഞ്ചാബ് സര്‍ക്കാരില്‍നിന്നു കേന്ദ്രം വിശദീകരണം തേടി; ഉത്തരവാദികളെ കണ്ടെത്തി നടപടിയെടുക്കാന്‍ നിര്‍ദേശിച്ചു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനവേളയില്‍ സുരക്ഷാ വീഴ്ച ഉണ്ടായോ എന്നന്വേഷിക്കാന്‍ പഞ്ചാബ് സര്‍ക്കാര്‍ ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുമുണ്ട്. റിട്ട. ജസ്റ്റിസ് മെഹ്താബ് സിങ് ഗില്‍, ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അനുരാഗ് വര്‍മ എന്നിവരടങ്ങിയ കമ്മിറ്റിയാണ് അന്വേഷിക്കുക. 3 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.

അതേസമയം, സുരക്ഷാവീഴ്ച ഇല്ലെന്നും മോദിയുടെ റാലിക്ക് ആളില്ലാതിരുന്നതു കൊണ്ടാണ് റദ്ദാക്കേണ്ടി വന്നതെന്നുമാണ് കോണ്‍ഗ്രസിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും നിലപാട്. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതു വരെ പഞ്ചാബില്‍ ബിജെപിയുടെ ഒരു റാലിയും അനുവദിക്കില്ലെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ഏക്ത ഉഗ്രഹന്‍) അറിയിച്ചു. മോദിയുടെ റാലി ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ബികെയു ലക്ഷം ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നു. ഫിറോസ്പുരില്‍ 3 ആശുപത്രികളടക്കം 42,000 കോടിയുടെ വികസന പദ്ധതികള്‍ക്കാണ് മോദി തുടക്കമിടേണ്ടിയിരുന്നത്.

Top