ഡല്‍ഹി എയര്‍പോര്‍ട്ടില്‍ സുരക്ഷാ വീഴ്ച; ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ പ്രവേശിച്ചു

ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സുരക്ഷാ വീഴ്ച. എയര്‍പോര്‍ട്ടിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് യുവാവ് റണ്‍വേയില്‍ പ്രവേശിച്ചു. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യ തലസ്ഥാനത്ത് പ്രഖ്യാപിച്ച അതീവ ജാഗ്രതാ നിര്‍ദേശം തുടരുന്നതിനിടയാണ് ഗുരുതരമായ സുരക്ഷാ വീഴ്ച.

ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. എയര്‍ ഇന്ത്യ വിമാനത്തിന്റെ പൈലറ്റാണ് എയര്‍പോര്‍ട്ടില്‍ അതിക്രമിച്ചു കടയാളെ റണ്‍വേയില്‍ വച്ച് ആദ്യം കണ്ടത്. തുടര്‍ന്ന് എയര്‍ ട്രാഫിക് കണ്‍ട്രോളിനെ (എടിസി) വിവരമറിയിച്ചു. വിമാനത്താവളത്തിന്റെ സുരക്ഷാ ചുമതലയുള്ള സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (CISF) സ്ഥലത്തെത്തി ഇയാളെ പിടികൂടി.

ഹരിയാന സ്വദേശിയായ സുവാവാണ് പിടിയിലായത്. ഇയാള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നാണ് വിവരം. ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ഡല്‍ഹി പൊലീസിന് കൈമാറി. സുരക്ഷാ വീഴ്ചയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഹെഡ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. ‘ഹൈപ്പര്‍സെന്‍സിറ്റീവ്’ സിവില്‍ ഏവിയേഷന്‍ ഫെസിലിറ്റിയിലെ ഗുരുതരമായ സുരക്ഷാ വീഴ്ചയെക്കുറിച്ച് അര്‍ദ്ധസൈനിക സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top