ഇടുക്കി അണക്കെട്ടിലെ സുരക്ഷ ശക്തമാക്കും; കൂടുതല്‍ കാമറകള്‍, അറിയിപ്പ് ബോര്‍ഡുകള്‍ എന്നിവ സ്ഥാപിക്കും

ഇടുക്കി: ഇടുക്കി അണക്കെട്ടിലെ സുരക്ഷ കൂടുതല്‍ ശക്തമാക്കാന്‍ കെഎസ്ഇബിയും പൊലീസും സംയുക്ത പരിശോധന നടത്തും. അണക്കെട്ടില്‍ നിലവിലുള്ള സുരക്ഷ വിലയിരുത്തുന്നതിന് ഇടുക്കി ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഇടുക്കി അണക്കെട്ടിലെ അതീവ സുരക്ഷ മേഖലയില്‍ കടന്ന് ഒറ്റപ്പാലം സ്വദേശിയായ യുവാവ് ഹൈമാസ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ടു പൂട്ടിയതിനെ തുടര്‍ന്ന് സുരക്ഷാ പരിശോധനകളെ സംബന്ധിച്ച് വിമര്‍ശനമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ജില്ല പൊലീസ് മേധാവിയുടെ ആവശ്യപ്രകാരമാണ് കളക്ടര്‍ യോഗം വിളിച്ചത്.

ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസ്, കെഎസ്ഇബി ഡാം സേഫ്റ്റി, ഹൈഡല്‍ ടൂറിസം വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. അണക്കെട്ടില്‍ നിലവിലുള്ള പരിശോധനകളുടെ ന്യൂനതകള്‍ യോഗത്തില്‍ ചര്‍ച്ചയായി. ഡാമില്‍ വിവിധ വകുപ്പുകള്‍ നീരീക്ഷണം കൂടുതല്‍ കാര്യക്ഷമമാക്കാനും തീരുമാനമായി.

ആവശ്യമെങ്കില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കാനും അണക്കെട്ട് പരിസരത്തുള്ള ഫെന്‍സിങ്ങിന്റെ കാര്യക്ഷമത ഉറപ്പാക്കുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. വിനോദസഞ്ചാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുന്നതിനായി അറിയിപ്പ് ബോര്‍ഡുകളും സ്ഥാപിക്കും. ഇതിനിടെ അണക്കെട്ടില്‍ കടന്ന ഒറ്റപ്പാലം സ്വദേശിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൊലീസ് തുടരുകയാണ്.

Top